ദുബൈ: ആകാശ വിസ്മയമായ ദുബൈ എയർഷോയുടെ ഭാഗമായി ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് പാസ്പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിച്ചു നൽകും. ഈ മാസം ആറു മുതൽ 18 വരെ ദുബൈ വിമാനത്താവളം വഴിയോ ദുബൈ വേൾഡ് സെൻട്രൽ വഴിയോ യാത്ര ചെയ്യുന്ന എല്ലാവരുടെയും പാസ്പോർട്ടിൽ എയർ ഷോ സ്റ്റാമ്പ് പതിക്കും. എക്സിലൂടെ ദുബൈ എയർപോർട്ട് അധികൃതറാണ് ഇക്കാര്യം അറിയിച്ചത്.
13 മുതൽ 17 വരെ ദുബൈ വേൾഡ് സെൻട്രൽ വിമാനത്താവളത്തിലാണ് ദുബൈ എയർഷോയുടെ 18ാമത് എഡിഷന് തുടക്കമാവുക. എയറോസ്പേസ് വ്യവസായ മേഖലയിലെ ഏറ്റവും നൂതനാശയങ്ങൾ, പുതിയ പ്രവണതകൾ, ഉത്പന്നങ്ങൾ എന്നിവ പരിചയപ്പെടുത്തുന്ന ലോകത്തെ ഏറ്റവും വലിയ എക്സിബിഷനാണ് ദുബൈ എയർഷോ. 95 രാജ്യങ്ങളിൽ നിന്നായി ഇത്തവണ 14,00 പ്രദർശകരാണ് മേളയിൽ പങ്കെടുക്കുക. ഇതിൽ ആദ്യമായി പ്രദർശനത്തിൽ പങ്കെടുക്കുന്ന 400 കമ്പനികളും കോമേഴ്സ്യൽ ഏവിയേഷൻ, അഡ്വാൻസ്സ് ഏരിയൽ മൊബിലിറ്റി, ബഹിരാകാശം, പ്രതിരോധം, സൈന്യം, ബിസിനസ് ഏവിയേഷൻ, എയർ ട്രാഫിക് മാനേജ്മെന്റ്, പുതിയ സാങ്കേതിക വിദ്യ തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള 80 സ്റ്റാർട്ടപ്പുകളും ഉൾപ്പെടും. 180ലധികം അത്യാധുനിക വാണിജ്യ, സ്വകാര്യ, സൈനിക വിമാനങ്ങൾ ഷോയിൽ പ്രദർശിപ്പിക്കും. കൂടാതെ 20 രാജ്യങ്ങൾ അവരുടെ ഏറ്റവും നൂതനമായ ഉത്പന്നങ്ങളും സാങ്കേതിക വിദ്യകളും പ്രദർശനത്തിനെത്തിക്കുന്നുണ്ട്. യു.എ.ഇ ബഹിരാകാശ ഏജൻസിയുമായി സഹകരിച്ച് പ്രത്യേക ബഹിരാകാശ പവിലിയനും ഒരുക്കുന്നുണ്ട്.
മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റർ (എം.ബി.ആർ.എസ്.സി), ടെക്നോളജി ഇന്നവേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (ടി.ഐ.ഐ), ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) എന്നിവർ ബഹിരാകാശ, വ്യോമ ഗതാഗത വ്യവസായവുമായി സഹകരിച്ച് എങ്ങനെയാണ് ഭാവി യാത്രയെ രൂപപ്പെടുത്തുന്നതെന്ന് പ്രദർശനത്തിൽ സന്ദർശകർക്ക് അനുഭവിച്ചറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.