ദുബൈ: മഴ പ്രതിസന്ധിയിൽ നിന്ന് കരകയറി പൂർവസ്ഥിതിയിലേക്ക് വന്ന ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, എമിറേറ്റ്സ് എയർലൈൻസ് ഡയറക്ടർ സാമി അഖീൽ, ദുബൈ എയർപോർട്ട് എമിഗ്രേഷൻ അസി. ഡയറക്ടർ മേജർ ജനറൽ തലാൽ അഹ്മദ് അൽ ശാൻകിതി എന്നിവരടങ്ങുന്ന സംഘമാണ് വിമാനത്താവളത്തിലെ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയത്. മഴക്കെടുതിയിൽ അവതാളത്തിലായ ദുബൈ വിമാനത്താവളം പൂർവസ്ഥിതിയിൽ പ്രവർത്തനമാരംഭിച്ചത് മുതൽ ദിവസവും ആയിരത്തിലധികം വിമാനങ്ങളാണ് ഷെഡ്യൂൾ പ്രകാരം സർവിസ് നടത്തുന്നത്.
ടെർമിനൽ 3ലെ ഡിപ്പാർച്ചർ ലോഞ്ചിൽ പരിശോധന സന്ദർശനം നടത്തിയ ഉദ്യോഗസ്ഥർ യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളും നടപടിക്രമങ്ങളും വിശദമായി പരിശോധിച്ചു. ഡിപ്പാർച്ചർ ലോഞ്ചിലെ വിവിധ വിഭാഗങ്ങൾ, ചെക്ക്-ഇൻ കൗണ്ടറുകൾ, ഇമിഗ്രേഷൻ ഗേറ്റുകൾ, സുരക്ഷ പരിശോധന ഏരിയ, ഷോപ്പിങ് ഏരിയ, യാത്രക്കാർക്കുള്ള ലോഞ്ചുകൾ എന്നിവ സംഘം സന്ദർശിച്ചു. യാത്രക്കാരുമായി സംസാരിച്ച് അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ശ്രദ്ധിച്ചു. യാത്രക്കാർക്ക് മികച്ച സേവനം നൽകാനും അവരുടെ യാത്ര എളുപ്പവും സുഗമവുമാക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. യാത്രക്കാർക്ക് സുഗമവും സുരക്ഷിതവുമായ യാത്രാ അനുഭവം നൽകുന്നതിനായി ദുബൈ എയർപോർട്ടും എമിറേറ്റ്സ് എയർലൈൻസും ജി.ഡി.ആർ.എഫ്.എ ദുബൈയും തുടർച്ചയായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എ.ഇയിൽ പെയ്ത അതിശക്തമായ മഴയുടെ പ്രതിസന്ധികൾക്കിടയിലും ദുബൈയിലെ കര, വ്യോമ, നാവിക അതിർത്തികളിലെ ഉദ്യോഗസ്ഥർ മികച്ച സേവന മികവാണ് കാഴ്ചവെച്ചത്. ഏപ്രിൽ 15, 16, 17 തീയതികളിൽ ദുബൈ വിമാനത്താവളങ്ങളും ഹത്ത അതിർത്തിയും സീ പോർട്ടും വഴി 4,19,047 പേരുടെ യാത്ര നടപടികൾ പൂർത്തിയാക്കിയെന്ന് ജി.ഡി.ആർ.എഫ്.എ വെളിപ്പെടുത്തിയിരുന്നു.
ദുബൈയിൽ ശക്തമായ മഴ പെയ്ത ഏപ്രിൽ 16ലെ
ട്രാഫിക് പിഴകൾ എഴുതിത്തള്ളും
ദുബൈ: ഏറ്റവും ശക്തമായ മഴ പെയ്ത ഏപ്രിൽ 16 ചൊവ്വാഴ്ച രേഖപ്പെടുത്തിയ എല്ലാ ട്രാഫിക് പിഴകളും എഴുതിത്തള്ളുമെന്ന് ദുബൈ പൊലീസ് അറിയിച്ചു. അസാധാരണ സാഹചര്യങ്ങളിലെ സമൂഹത്തോടുള്ള ദുബൈ പൊലീസിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് തീരുമാനമെന്ന് ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽമർറി പ്രസ്താവനയിൽ പറഞ്ഞു.
മഴക്കെടുതിയിൽ പ്രയാസപ്പെടുന്നവരെ സഹായിക്കുന്നതിന് വിവിധ സംരംഭങ്ങളും നടപടികളും ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചിരുന്നു. പ്രതികൂല കാലാവസ്ഥ ബാധിച്ച എല്ലാവരെയും സഹായിക്കാൻ ദുബൈ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തിപരമായി തന്നെ നടപടികളുടെ പുരോഗതി വിലയിരുത്തുമെന്നും അദ്ദേഹം അറിയിക്കുകയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.