ദുബൈ: സാധാരണ തീപിടിത്തം പോലെ അത്ര ഭീകരമായിരുന്നില്ല ദേര ഫ്രിജ് മുറാറിലെ അഗ്നിബാധ. തുറന്നിട്ട ജനാലയിൽ നിന്ന് പുറത്തേക്ക് പുക വമിച്ചതോടെയാണ് സമീപവാസികൾ തീപിടിത്തത്തെ കുറിച്ച് അറിഞ്ഞത്. സ്ഫോടന ശബ്ദവും കേട്ടിരുന്നു.
അപ്പോഴും തീപിടിത്തത്തിന്റെ വ്യാപ്തിയെ കുറിച്ച് ആർക്കും ധാരണയുണ്ടായിരുന്നില്ല. കാരണം, പുറത്തേക്ക് തീയും പുകയും കുറവായിരുന്നു. എന്നാൽ, നാലാം നിലയുടെ ഉള്ളിലാകെ തീയും പുകയും പടർന്നുപിടിച്ചു. ആർക്കും പുറത്തേക്കിറങ്ങാൻ കഴിയാത്ത വിധം വരാന്ത പുകയാൽ മൂടി. ഈ പുക ശ്വസിച്ചാണ് കൂടുതൽ മരണവും.
താഴെ നിലയിലുണ്ടായിരുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർ ഇറങ്ങിയോടി. ആറു മിനിറ്റിനുള്ളിൽ അഗ്നിരക്ഷാസംഘം സ്ഥലത്തെത്തിയെങ്കിലും കനത്ത പുകയെ തുടർന്ന് മുറികളിലേക്ക് പ്രവേശിക്കാൻ ആദ്യം കഴിഞ്ഞില്ല. മിനിറ്റുകൾക്കുള്ളിൽ എല്ലാം സംഭവിച്ചിരുന്നു. വൈകാതെ തന്നെ തീ അണക്കാൻ കഴിഞ്ഞെങ്കിലും മരണസംഖ്യ പ്രതീക്ഷകൾക്കപ്പുറമായിരുന്നു. താഴത്തെ മൂന്നു നിലയിലുള്ളവർ കോണിപ്പടി വഴി താഴേക്കിറങ്ങി.
മുകളിലുള്ളവർ ബാൽക്കണി വഴി തൂങ്ങിയിറങ്ങുന്നതും കാണാമായിരുന്നു. ഇത്രവലിയ ദുരന്തമാണ് ഉള്ളിൽ നടന്നതെന്ന് കണ്ടുനിന്നവർ പോലും അറിഞ്ഞില്ല. മലയാളി ദമ്പതികൾക്കുപുറമെ ഓരോ മുറിയിലും താമസിച്ചിരുന്നവർ ഏതെങ്കിലും വിധത്തിൽ ബന്ധമുള്ളവരോ സുഹൃത്തുക്കളോ ആണ്. മരിച്ച മൂന്ന് പാകിസ്താൻ സ്വദേശികളും ബന്ധുക്കളാണ്. തമിഴ്നാട്ടുകാർ ഒരേ നാട്ടുകാരാണ്. സുഡാനികളും പരസ്പരം അറിയുന്നവരാണ്.
അതേസമയം, പൊലീസും സിവിൽ ഡിഫൻസും ഈ കെട്ടിടം ഏറ്റെടുത്തതോടെ മലയാളികളടക്കമുള്ള താമസക്കാർക്ക് ഒരു ദിവസം മുഴുവൻ പുറത്ത് നിൽക്കേണ്ടിവന്നു. പൊലീസ് ഈ കെട്ടിടം സീൽ വെച്ചിരിക്കുകയാണ്. ഞായറാഴ്ച വൈകുന്നേരവും എല്ലാവർക്കും ഉള്ളിലേക്ക് കയറാൻ കഴിഞ്ഞിട്ടില്ല. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിലാണ് ഇവർ തങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.