ദുബൈ: ലോകത്തിന്റെ കേന്ദ്രവും മാനവികതയുടെ സംഗമ സ്ഥാനവുമായി ദുബൈ മാറിക്കഴിഞ്ഞെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. എമിറേറ്റ്സ് ഗ്രൂപ്പിന്റെ മുതിർന്ന ഉദ്യോഗസ്ഥരുമായി നടന്ന കൂടിക്കാഴ്ചയിലാണ് ദുബൈ ഭൂഖണ്ഡങ്ങൾ തമ്മിലും നാഗരികതകൾക്കിടയിലും ബന്ധിപ്പിക്കുന്ന സുപ്രധാന ബിന്ദുവായി മാറിയെന്ന് വ്യക്തമാക്കിയത്.
ദുബൈ കേന്ദ്രീകരിച്ച് നാലു പതിറ്റാണ്ടുമുമ്പ് ഒരു വിമാനക്കമ്പനി ആരംഭിക്കുമ്പോൾ നിരവധി വെല്ലുവിളികളും സന്ദേഹങ്ങളും നിറഞ്ഞ ഒരു സ്വപ്നമായിരുന്നു അതെന്ന് അദ്ദേഹം ഓർത്തെടുത്തു. എല്ലാ പ്രതിബന്ധങ്ങളെയും വകഞ്ഞുമാറ്റി ആ സ്വപ്നം പൂവണിഞ്ഞ് വൻ വിജയം നേടിയിരിക്കുന്നു.
നിലവിൽ 1.12 ലക്ഷം പേർക്ക് തൊഴിൽ നൽകുകയും 277 നഗരങ്ങളെ ബന്ധിപ്പിക്കുകയും ഓരോ വർഷവും അഞ്ചുകോടിയിലധികം യാത്രക്കാരെ ലക്ഷ്യ സ്ഥാനങ്ങളിലെത്തിക്കുകയും ചെയ്യുന്നു. അതോടൊപ്പം ഓരോ വർഷവും 137ശതകോടി ദിർഹം ലാഭവുമുണ്ടാക്കുന്നു -അദ്ദേഹം എക്സ് അക്കൗണ്ടിൽ കുറിച്ചു. ദുബൈയുടെ അഭിലാഷങ്ങൾ യാഥാർഥ്യമായതിനും മുകളിലാണെന്നും നഗരം വലിയ വിമാനത്താവളത്തിന് ആസൂത്രണം ചെയ്തുകൊണ്ട്ബിസിനസ് ഓപറേഷൻസ് വിപുലീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിമാനത്താവളം അഞ്ച് ഭൂഖണ്ഡങ്ങളിലെ എല്ലാ നഗരങ്ങളുമായും ജനങ്ങളെ ബന്ധിപ്പിക്കുമെന്നും ആഗോള കേന്ദ്രമെന്ന ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പ്രതീക്ഷ രേഖപ്പെടുത്തി. പ്രചോദനാത്മകമായ വാക്കുകളോടെയാണ് ശൈഖ് മുഹമ്മദ് എക്സിലെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
നിശ്ചയദാർഢ്യവും ഇച്ഛാശക്തിയുമുണ്ടെങ്കിൽ നിങ്ങൾക്കും സ്വപ്നങ്ങൾക്കുമിടയിൽ നിൽക്കാൻ ആരെയും അനുവദിക്കരുത്. കാരണം സ്വപ്നങ്ങൾ എപ്പോഴും നേടിയെടുക്കാനാകും -അദ്ദേഹം വ്യക്തമാക്കി.
ലോകത്തെ ഏറ്റവും തിരക്കേറിയ യാത്ര കേന്ദ്രമായി മാറിക്കഴിഞ്ഞ ദുബൈയിൽ വൻ വിമാനത്താവള വികസന പദ്ധതി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ദുബൈ ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ പാസഞ്ചർ ടെർമിനൽ നിർമിക്കുന്ന പദ്ധതി പൂർത്തിയാക്കി 10 വർഷത്തിനുള്ളിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി ആൽ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.