ദുബൈ: നിർമിതബുദ്ധി സാങ്കേതികവിദ്യകളുടെ ഭാവി ചർച്ചചെയ്യാൻ ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷൻ ‘ദുബൈ അസംബ്ലി’ സംഘടിപ്പിക്കുന്നു. ഒക്ടോബർ 11-12 തീയതികളിലായി എമിറേറ്റ് ടവറിലെ മ്യൂസിയം ഓഫ് ഫ്യൂച്ചർ ആൻഡ് അരിയയിൽ നടക്കുന്ന അസംബ്ലിയിൽ രാജ്യത്തെ വിവിധ വകുപ്പ് മന്ത്രിമാർ, സർക്കാർ ഉദ്യോഗസ്ഥർ, സി.ഇ.ഒമാർ, ടെക് കമ്പനി വിദഗ്ധർ, സംരംഭകർ, നയം രൂപവത്കരിക്കുന്നവർ, നിക്ഷേപകർ, അക്കാദമികരംഗത്തെ വിദഗ്ധർ, ടെക് സ്റ്റാർട്ടപ്പുകൾ തുടങ്ങിയവർ പങ്കെടുക്കും. നിർമിതബുദ്ധി സാങ്കേതികവിദ്യയോടൊപ്പം പ്രവർത്തിക്കുന്നതിന്റെ പ്രാധാന്യം ഉയർത്തുകയാണ് അസംബ്ലിയുടെ ലക്ഷ്യം. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂം ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
നിർമിതബുദ്ധിയുടെ ഭാവി രൂപപ്പെടുത്തുന്നതോടൊപ്പം അതിനൂതന സാങ്കേതികവിദ്യകളിലൂടെ വികസിപ്പിക്കുന്ന ഉപകരണങ്ങളേയും അതുവഴിയുണ്ടാകുന്ന അവസരങ്ങളേയും സർക്കാറുകൾക്കും സമൂഹങ്ങൾക്കും പരിചയപ്പെടുത്തുകയാണ് സമ്മേളനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. ജീവിതനിലവാരം വർധിപ്പിക്കുന്നതിനും അതിവേഗ വളർച്ചക്കുമായി പ്രധാന മേഖലകളിൽ നിർമിത ബുദ്ധിയുടെ ഉപയോഗം സംബന്ധിച്ചും സമ്മേളനം ചർച്ച ചെയ്യും.
സാമ്പത്തികരംഗത്തും സർക്കാർ സംവിധാനങ്ങളിലും പുതിയ ആപ്ലിക്കേഷനുകളും സാങ്കേതികവിദ്യകളും സ്വീകരിക്കുന്ന അതിവേഗ നഗരങ്ങളിൽ ഒന്നായി ദുബൈ മാറിയതായും ശൈഖ് ഹംദാൻ പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, ധനകാര്യം, ബാങ്കിങ് സേവനങ്ങൾ, സോഫ്റ്റ്വെയറുകളുടെ വികസനം, മാധ്യമം, പരസ്യം, സംഗീതം എന്നീ മേഖലകൾ ഉൾപ്പെടുന്ന വിവിധ സെഷനുകളും സംവേദക ക്ലാസുകൾക്കൊപ്പം നിർമിതബുദ്ധി ഉപയോഗം ഉയർത്തുന്ന വെല്ലുവിളികളും സമ്മേളനം ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.