ദുബൈ: കടുത്ത നിയന്ത്രണങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുബൈയിലെ പ്രധാന ബീച്ചുകളും പാർക്കുകളുമെല്ലാം സന്ദർശകർക്കായി തുറക്കുന്നതായി ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. ജെ.ബി.ആർ, അൽ മംസാർ, ജുമൈറ, ഉംസുഖൈൻ ബീച്ചുകളും ഒപ്പം സന്ദർശകരുടെ ഇഷ്്ടകേന്ദ്രങ്ങളിലൊന്നായ ദുബൈ ഫ്രെയിമും വെള്ളിയാഴ്ചയോടെ വീണ്ടും പ്രവർത്തനസജ്ജമായി. കണിശ നിർദേശങ്ങളും മുൻകരുതൽ നടപടികളും കൈക്കൊള്ളുന്നതിൽ സന്ദർശകർ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദുബൈ മുനിസിപ്പാലിറ്റി വിനോദ കേന്ദ്രങ്ങൾ വ്യാപകമായി തുറന്നുനൽകിയത്.
എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള പൊതുസുരക്ഷ നടപടികളും മാർഗനിർദേശങ്ങളും പാലിക്കാൻ മുഴുവൻ ആളുകൾക്കും പൂർണ ഉത്തരവാദിത്തമുണ്ടെന്ന് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി. പതിവിന് വിപരീതമായി 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും 60 വയസ്സിന് മുകളിലുള്ള മുതിർന്നവർക്കും ബീച്ചുകളിലും പാർക്കുകളിലും ദുബൈ മുനിസിപ്പാലിറ്റി പ്രവേശനം അനുവദിച്ചിട്ടുണ്ട്. വൈകീട്ട് ഏഴിന് ശേഷം ബീച്ചുകളിൽ ലൈഫ് ഗാർഡ് ഉണ്ടാകില്ലെന്നും അതുകൊണ്ടു തന്നെ ഓരോരുത്തരും ഉത്തരവാദിത്തമുള്ളവരായിരിക്കണമെന്നും അധികൃതർ നിർദേശിച്ചു. എല്ലാ സന്ദർശകരും നിർബന്ധമായും മാസ്ക്കുകൾ ധരിക്കണം.
മാത്രമല്ല, സാമൂഹിക അകലം പാലിച്ചുമാത്രം ബീച്ചുകളിലും പാർക്കുകളിലും ഇടപെടണം. വെള്ളത്തിൽ ആയിരിക്കുമ്പോൾ മാസ്ക്കുകൾ ആവശ്യമില്ല. തുറന്ന ബീച്ചുകളിൽ കൈയുറകൾ ആവശ്യമില്ലെങ്കിലും പാർക്കുകളിലും ദുബൈ ഫ്രെയിം, സ്കൈ ദുബൈ പോലുള്ള അടച്ച പ്രദേശങ്ങളിലും നിർബന്ധമായും ധരിക്കേണ്ടതാണ്. കൈറ്റ് ബീച്ച് രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴു വരെ തുറന്നിരിക്കും. 12 വയസ്സിന് താഴെയുള്ള കുട്ടികളും 60 വയസ്സിനു മുകളിലുള്ളവരും കൈറ്റ് ബീച്ച് മാൾ പ്രദേശത്ത് പ്രവേശിക്കുന്നതിന് വിലക്കുണ്ട്. എങ്കിലും അവർക്ക് ബീച്ച് ഭാഗത്തേക്ക് പ്രവേശിക്കാം.
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രണ്ടു മാസത്തിലധികമായി അടഞ്ഞുകിടന്നിരുന്ന വിനോദ കേന്ദ്രങ്ങളും ബീച്ചുകളും പാർക്കുകളുമാണ് ദുബൈയിൽ വീണ്ടും സജീവമാകുന്നത്. നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തി കഴിഞ്ഞ ബുധനാഴ്ച മുതൽ ദുബൈ സാധാരണ നിലയിലേക്ക് നീങ്ങുന്നതിെൻറ ഭാഗമായാണ് വീണ്ടും വിനോദകേന്ദ്രങ്ങൾ തുറക്കുന്നത്.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിെൻറ അധ്യക്ഷതയിൽ ചേർന്ന ക്രൈസിസ് ആഡെ് ഡിസാസ്റ്റർ മാനേജ്മെൻറ് ഉന്നതാധികാര സമിതിയാണ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയും കർശന നിബന്ധനകൾ മുന്നോട്ടുവെച്ചും ബുധനാഴ്ച മുതൽ നഗരത്തിലെ ജീവിതം പഴയപടിയിലേക്ക് മാറ്റുന്നതിനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടത്. ദുബൈയിലെ ഹോൾസെയിൽ-റീെട്ടയിൽ സ്ഥാപനങ്ങളെല്ലാം പൂർണതോതിൽ തുറന്നു പ്രവർത്തനം തുടങ്ങി. സിനിമാ തിയറ്ററുകളും ജിംനേഷ്യങ്ങളും ഉൾപ്പെടെ കായിക-വിനോദ കേന്ദ്രങ്ങളെല്ലാം നിബന്ധനകളോടെ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെ ആരോഗ്യമന്ത്രാലയം നിർദേശിച്ച പ്രതിരോധ-മുൻകരുതൽ നടപടികൾ കർശനമായി പാലിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.