ദുബൈ: രണ്ട് വർഷം മുമ്പ് ആരംഭിച്ച ദുബൈയിലെ നാല് പ്രധാന ബീച്ചുകളുടെ നവീകരണം പൂർത്തിയായി. അൽ മംസർ കോർണിഷ്, ജുമൈറ 1, ജുമൈറ 3, ഉമ്മു സുഖൈം എന്നീ ബീച്ചുകളുടെ നവീകരണമാണ് ദുബൈ മുൻസിപ്പാലിറ്റി പൂർത്തീകരിച്ചത്. 93 ദശലക്ഷം ദിർഹം ചെലവ് വന്ന പദ്ധതി 2022ൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ നഹ്യാനാണ് പ്രഖ്യാപിച്ചത്.
വിനോദ പ്രവർത്തനങ്ങൾക്കും പുതിയ സേവനങ്ങൾക്കും വേണ്ടി നാലു ബീച്ചുകളിലുമായി ആകെ 112,000 സ്ക്വയർ മീറ്റർ വിസ്തൃതിയാണ് നവീകരണത്തിന്റെ ഭാഗമായി കൂട്ടിച്ചേർത്തത്.. എമിറേറ്റിൽ 12 പുതിയ പബ്ലിക് ബീച്ചുകളും ദശലക്ഷക്കണക്കിന് വിസ്തൃതിയിൽ പച്ചപ്പും വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്നും ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചിരുന്നു.
മണ്ണൊലിപ്പിന് സാധ്യതയുള്ള പ്രദേശങ്ങളിലെ പൊതു ബീച്ചുകൾ സംരക്ഷിക്കുന്നതിനും സ്ഥിരതയും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനുള്ള സംരക്ഷണ നടപടികളും കൈകൊള്ളുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൂടാതെ കൊടുങ്കാറ്റിൽ പ്രളയം ഒഴിവാക്കാൻ ബീച്ച് ലെവൽ ഉയർത്താനും പദ്ധതിയുണ്ട്.
100 മീറ്റർ നീളത്തിൽ കരിങ്കൽ ഭിത്തി കെട്ടുന്നതുൾപ്പെടെയുള്ള പദ്ധതികളാണ് അൽ മംസർ കോർണിഷ് ബീച്ചിൽ പൂർത്തീകരിച്ചത്. 9000 ചതുരശ്ര മീറ്റിലാണ് ഇവിടെ നവീകരണം പൂർത്തീയാക്കിയത്. ജുമൈറ 1ൽ 125,000 ക്യുബിക് മീറ്റർ ബീച്ചാണുള്ളത്. അതിന്റെ തീരദേശ ബഫറുകൾ ലോഹവും മരവും ഉപയോഗിച്ച് 160 മീറ്റർ വർധിപ്പിച്ചു. ജുമൈറ 3ൽ ബീച്ചിന്റെ വിസ്തൃതി 580,000 ക്യുബിക് മീറ്ററായി ഉയർത്തിയിട്ടുണ്ട്.
ഇതിന് 30,400 ക്യുബിക് മീറ്ററിൽ കരിങ്കൽ സംരക്ഷണവും തീർത്തു. ഉമ്മു സുഖൈമിൽ 30,000 ചതുരശ്ര മീറ്റർ ഭൂമി വികസനമാണ് നടന്നത്. കൂടാതെ 325 മീറ്റർ ബ്രേക്വാട്ടറും നിർമിച്ചു. ബീച്ച് സംരക്ഷണത്തിനായി പ്രതിവർഷം 15 ദശലക്ഷം ദിർഹവും 4.5 ലക്ഷം തൊഴിൽ സമയവുമാണ് മുൻസിപ്പാലിറ്റി ചെലവിടുന്നത്. കഴിഞ്ഞ മാസം പാം ജബൽ അലിക്ക് ചുറ്റം 54 കിലോമീറ്ററിൽ ബീച്ച് വികസിപ്പിക്കാനുള്ള പദ്ധതി ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചിരുന്നു.
എമിറേറ്റിലെ ബീച്ചുകൾ വികസിപ്പിക്കാനും മനോഹരമാക്കാനും ലക്ഷ്യമിടുന്ന പദ്ധതി ലോകോത്തര നിലവാരമുള്ള ടൂറിസം, കമ്യൂണിറ്റി അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സൃഷ്ടിക്കുന്നതിനും സുസ്ഥിര സാമ്പത്തിക വികസനം മെച്ചപ്പെടുത്തുന്നതിനും വിനോദ സൗകര്യങ്ങളും നിക്ഷേപ അവസരങ്ങളും വിപുലീകരിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് സംഭാവന നൽകുമെന്ന് മുൻസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജിരി പറഞ്ഞു.
കാലാവസ്ഥ വ്യതിയാനവും സമുദ്ര നിരപ്പ് ഉയരുന്നതും മൂലമുണ്ടാകുന്ന വെല്ലുവിളികൾ നേരിടാൻ നിരവധി നടപടികളും മുൻസിപ്പാലിറ്റി നടപ്പിലാക്കുന്നുണ്ട്. കടൽതീരങ്ങളുടെ മാറ്റങ്ങളെ നിരീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.