ദുബൈ: ദുബൈ ഇന്റർനാഷനൽ ബോട്ട് ഷോ മാർച്ച് ഒന്നു മുതൽ അഞ്ചു വരെ നടക്കും. 30,000 സന്ദർശകരെ പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.
175 യാട്ടുകളും ജലയാനങ്ങളുമാണ് അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ഷോയിൽ പങ്കെടുക്കാനെത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബോട്ട് ഷോയിൽ ഒന്നാണ് ദുബൈ ഹാർബറിൽ നടക്കുന്നത്.
പ്രശസ്ത സ്ഥാപനങ്ങളായ അസിമുത്, ഫെറാറ്റി, ഗൾഫ് ക്രാഫ്റ്റ്, പ്രിൻസസ്, സാൻ ലെറെൻസോ, സൺറീഫ്, സൺസീകർ ഗൾഫ് തുടങ്ങിയ സ്ഥാപനങ്ങളുടെ ജലയാനങ്ങൾ അണിനിരക്കും.
പുതിയ ബ്രാൻഡുകളായ അബെകിങ് ആൻഡ് റാസ്മുസെൻ, ബോട്ടിക്യൂ യാട്ട്, ഫിൻമാസ്റ്റർ, ഗ്രീൻലൈൻ യാട്ട്, നോർധൻ, സോ കാർബൺ തുടങ്ങിയവയും ഇക്കുറിയെത്തും.
ലോകത്തിലെ സൂപ്പർ യാനങ്ങളുടെ ഉടമകളിൽ നല്ലൊരു ശതമാനവും മിഡിൽ ഈസ്റ്റിലാണ്. ഇവരുടെ ഏറ്റവും പുതിയ യാനങ്ങൾ പുറത്തിറക്കുന്നതിനും ബോട്ട് ഷോ സാക്ഷ്യംവഹിക്കും. നിരവധി യാനങ്ങൾ അഞ്ചു ദിവസത്തിനിടെ നീറ്റിലിറക്കും. ചെറിയ മത്സ്യബന്ധന ബോട്ടുകളുമുണ്ടാകും.
ജലഗതാഗത മേഖലയിലെ നൂതന ആശയങ്ങളുടെയും കണ്ടുപിടിത്തങ്ങളുടെയും പ്രദർശനം കൂടിയായിരിക്കും ഇത്. കപ്പിത്താന്മാർ, കപ്പൽ ഉടമകൾ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും. ലോകത്തെ ഏറ്റവും മികച്ച 10 നോട്ടിക്കൽ തലസ്ഥാനങ്ങളിൽ ഒന്നാണ് ദുബൈ. 15 മറീനകളിലായി 3000 ബോട്ടുകൾക്ക് ഇവിടെ ഇടമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.