ദുബൈ: ദേര ഫ്രിജ് മുറാറിലെ തലാൽ ബിൽഡിങ്ങിൽ ശനിയാഴ്ച ഉച്ചക്ക് 12.35ന് തീപിടിത്തം റിപ്പോർട്ട് ചെയ്ത് ആറു മിനിറ്റിനകം ദുബൈ സിവിൽ ഡിഫൻസ് കുതിച്ചെത്തി രക്ഷാപ്രവർത്തനം തുടങ്ങി. തീയണക്കാനും കുടിങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനും ഒരേ സമയം തന്നെ അധികൃതർ സജീവമായി ഇടപെട്ടത് പലർക്കും ജീവൻ തിരിച്ചുകിട്ടാൻ കാരണമായതായി ദൃക്സാക്ഷികൾ പറഞ്ഞു.
ദുബൈ സിവിൽ ഡിഫൻസിന്റെ ഹെഡ് ക്വാർട്ടേഴ്സിൽനിന്നുള്ള സംഘമാണ് ആദ്യം പ്രദേശത്ത് എത്തിച്ചേർന്നത്. പോർട്ട് സഈദ്, ഹംരിയ ഫയർ സ്റ്റേഷനുകളിൽ നിന്നും സഹായത്തിന് പിന്നാലെ സേനാംഗങ്ങളെത്തി. രക്ഷാപ്രവർത്തനം പൂർത്തീകരിച്ച് വൈകാതെ തന്നെ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് അതിവേഗം മാറ്റാൻ അധികൃതർക്ക് സാധിച്ചു. ഉച്ച 2.42ഓടെ തീ പൂർണമായും അണക്കുകയും കെട്ടിടം പൂർണമായും ഒഴിപ്പിക്കുകയും ചെയ്തു.
പരിക്കേറ്റവരിൽ ചിലർക്ക് സംഭവ സ്ഥലത്തുനിന്നുതന്നെ അധികൃതർ പ്രാഥമിക പരിചരണം നൽകുകയും ചെയ്തു. കെട്ടിട സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വന്ന വീഴ്ചയാണ് അപകടത്തിന് കാരണമായതെന്നാണ് സംഭവത്തിലെ പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ സുരക്ഷ വീഴ്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. അപകട കാരണങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട അധികാരികൾ സമഗ്രമായ അന്വേഷണം നടത്തിവരുകയാണെന്ന് സിവിൽ ഡിഫൻസ് അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി റെസിഡൻഷ്യൽ, കമേഴ്സ്യൽ കെട്ടിട ഉടമകളും താമസക്കാരും സുരക്ഷ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കണമെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.