ദുബൈ: യു.എ.ഇ ആതിഥ്യമരുളുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ (കോപ്28) യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പങ്കെടുക്കും. ഉച്ചകോടിയുടെ നിയുക്ത പ്രസിഡൻറും കാലാവസ്ഥ വ്യതിയാന വിഷയത്തിലെ യു.എ.ഇയുടെ പ്രത്യേക പ്രതിനിധിയുമായ ഡോ. സുൽത്താൻ അൽ ജാബിർ നേരിട്ട് കൂടിക്കാഴ്ച നടത്തിയാണ് യു.എൻ തലവനെ ക്ഷണിച്ചത്. ആഗോള താപനില കുറക്കാനുള്ള ശ്രമങ്ങളെ ലോകം ഗൗരവമായി കാണുന്നില്ലെന്ന പൊതുവികാരം ഇരുവരും കൂടിക്കാഴ്ചയിൽ പങ്കുവെച്ചു.
കാർബൺ കൂടുതലായി പുറന്തള്ളുന്ന പ്രധാന രാഷ്ട്രങ്ങളെല്ലാം അതിവേഗം ഇക്കാര്യത്തിൽ ശരിയായ ദിശയിൽ സഞ്ചരിച്ചു തുടങ്ങേണ്ടതുണ്ടെന്ന് ഗുട്ടറസ് ചൂണ്ടിക്കാട്ടി. ദുബൈ എക്സ്പോ സിറ്റിയിൽ ഈ വർഷം നവംബറിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാമെന്ന ഉറപ്പും അദ്ദേഹം നൽകി.
കാലാവസ്ഥാ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ആവശ്യമായ മറ്റു നടപടികൾ സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തു. ‘കോപ്28’ മുന്നൊരുക്കങ്ങളുടെ ഭാഗമായി അമേരിക്കയിൽ സന്ദർശനം നടത്തവേയാണ് യു.എൻ ആസ്ഥാനത്ത് ഡോ. അൽ ജാബിർ എത്തിയത്. യു.എസ് പ്രസിഡന്റിന്റെ പ്രത്യേക കാലാവസ്ഥാ പ്രതിനിധി ജോൺ കെറിയുമായും സന്ദർശനത്തിനിടെ അദ്ദേഹം കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.