ദുബൈ: നികുതിവെട്ടിപ്പ് നടത്തിയ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ സഞ്ജയ് ഷായെ ഡെൻമാർക്കിന് കൈമാറാമെന്ന് ദുബൈ കോടതി. ദുബൈ പാം ജുമൈറയിൽ താമസിച്ചിരുന്ന സഞ്ജയ് ഷായെ അഞ്ച് മാസം മുൻപ് ദുബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെ ഇയാൾക്ക് 125 കോടി ഡോളർ (10,000 കോടി രൂപ) ദുബൈ കോടതി പിഴയിട്ടിരുന്നു.
ഡാനിഷ് കമ്പനിയിൽ ഓഹരിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 170 കോടി ഡോളറിന്‍റെ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് ഇയാൾക്കെതിരായ കേസ്. 2012 മുതൽ മൂന്ന് വർഷം തുടർച്ചയായി നികുതി റീ ഫണ്ട് കൈപ്പറ്റിയെന്നാണ് കേസ്. നികുതി വെട്ടിപ്പ് നടത്തിയ ശേഷം ഡെൻമാർക്കിൽ നിന്ന് മുങ്ങിയ ഷാ ദുബൈയിലെത്തുകയായിരുന്നു. 2018ൽ ഡെൻമാർക്ക് സർക്കാർ ഇയാൾക്കെതിരെ ദുബൈയിൽ കേസ് ഫയൽ ചെയ്തു.
190 കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്നും ഷായെ വിട്ടുനൽകണമെന്നുമായിരുന്നു ഡെൻമാർക്കിന്‍റെ ആവശ്യം. 125 കോടി ഡോളർ പിഴയിട്ട കോടതി ഇയാളെ വിട്ടുനൽകാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. ഔദ്യോഗിക രേഖകളുടെ അഭാവം ചൂണ്ടിക്കാണിച്ചാണ് കോടതി ഇയാളെ കൈമാറാൻ വിസമ്മതിച്ചത്. ഇതിനെതിരെ ദുബൈ അറ്റോണി ജനറൽ എസ്സം ഇസാ അൽ ഹുമൈദാൻ അപ്പീൽ നൽകി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഷായെ കൈമാറിയത്. കഴിഞ്ഞ മാർച്ചിൽ തടവുകാരെ കൈമാറുന്നത് സംബന്ധിച്ച് യു.എ.ഇയും ഡെൻമാർക്കും തമ്മിൽ കരാർ ഒപ്പുവെച്ചിരുന്നു.
അതേസമയം, ഡെൻമാർക്കിന് വിട്ടുകൊടുക്കാനുള്ള കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഷായുടെ അഭിഭാഷകൻ അലി അൽ സറൂനി പറഞ്ഞു. അപ്പീൽ നൽകാൻ 30 ദിവസം സമയമുണ്ട്. ഇതിനുള്ളിൽ അപ്പീൽ നൽകുമെന്നും യു.എ.ഇ കോടതിയിൽ വിശ്വാസമുണ്ടെന്നും സറൂനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.