ദുബൈ: കള്ളപ്പണം വെളുപ്പിക്കലടക്കം വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുപ്ത സഹോദരൻമാരെ ദക്ഷിണാഫ്രിക്കക്ക് കൈമാറാനാകില്ലെന്ന് ദുബൈ അപ്പീൽ കോടതി വിധിച്ചു. മതിയായ രേഖകളില്ലാത്ത സാഹചര്യത്തിലാണ് കോടതി തീരുമാനം പ്രഖ്യാപിച്ചതെന്ന് വാർത്താ എജൻസി റിപ്പോർട്ട് ചെയ്തു. സമഗ്രമായ നിയമ അവലോകനം നടത്തിയ ശേഷമാണ് കൈമാറണമെന്ന അപേക്ഷ നിരസിച്ച് വിധി പുറപ്പെടുവിച്ചത്. യു.എ.ഇയും ദക്ഷിണാഫ്രിക്കയും തമ്മിൽ 2021ൽ ഒപ്പുവെച്ച കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറിലെ കർശനമായ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കോടതി വിലയിരുത്തി.
കഴിഞ്ഞ വർഷം ജൂണിലാണ് ഗുപ്ത സഹോദരങ്ങൾ എന്ന് അറിയപ്പെടുന്ന അതുൽ ഗുപ്തയെയും രാജേഷ് ഗുപ്തയെയും ദുബൈയിൽ പൊലീസ് അറസ്റ്റു ചെയ്തത്. യു.എ.ഇ നീതിന്യായ മന്ത്രാലയവും ദക്ഷിണാഫ്രിക്കൻ അധികൃതരും തമ്മിലെ കൂടിക്കാഴ്ചകൾക്ക് ശേഷം കൈമാറ്റത്തിന് അപേക്ഷ സ്വീകരിച്ചു. ഇന്ത്യൻ വംശജരായ ഇവരെ ദക്ഷിണാഫ്രിക്കക്ക് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ദുബൈ പൊലീസ് അറിയിക്കുകയും ചെയ്തു. തുടർന്ന് സമഗ്രമായ അന്വേഷണത്തിന് ശേഷം ഫയൽ അപ്പീൽ കോടതിയിലേക്ക് റഫർ ചെയ്തിരുന്നു.
ഇക്കാര്യത്തിലാണ് കോടതി ഇപ്പോൾ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. നിരവധി കേസുകളിൽ ഇന്റർപോൾ തിരയുന്ന ഗുപ്ത സഹോദരങ്ങൾ 1993ൽ ഇന്ത്യയിൽനിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയവരാണ്. ഇന്ത്യയിലും ഇവർ കള്ളപ്പണ കേസ് നേരിടുന്നുണ്ട്. ദക്ഷിണാഫ്രിക്കയിൽ ഖനനം, കമ്പ്യൂട്ടർ സാങ്കേതികവിദ്യ, മാധ്യമ മേഖല എന്നിവയിൽ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ഗുപ്ത സഹോദരങ്ങൾക്ക് മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കൻ പൗരത്വം ലഭിച്ച ഇവർ 2018ൽ സർക്കാർ സ്ഥാപനങ്ങളിൽനിന്നും കോടികൾ തട്ടിയെടുത്ത് കടന്നുകളഞ്ഞു എന്നാണ് ആരോപിക്കപ്പെടുന്നത്. നാലു വർഷമായി ഇവർ ദുബൈയിൽ കഴിയുകയായിരുന്നു. ഡൽഹിയിലെ ഇവരുടെ ഓഫിസിലും പലതവണ റെയ്ഡ് നടന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.