ദുബൈയിൽ ഇത് എയ്സുകൾ പെയ്യുന്ന കാലമാണ്. മിഡിലീസ്റ്റിലെ ഏറ്റവും വലിയ ടെന്നിസ് ടൂർണമെന്റായ ദുബൈ ഡ്യൂട്ടി ഫ്രി ഓപ്പൺ ടെന്നിസ് ചാമ്പ്യൻഷിപ്പിന്റെ വനിത വിഭാഗം മത്സരങ്ങൾ കഴിഞ്ഞതിന് തൊട്ടുപിന്നാലെ പുരുഷൻമാരും ഇന്നലെ മുതൽ കോർട്ടലിറങ്ങിത്തുടങ്ങിയിരിക്കുന്നു.
വമ്പൻ താര നിരയാണ് ഇക്കുറിയും ദുബൈ ഓപൺ ടെന്നിസിനായി അണിനിരക്കുന്നത്. കനത്ത പോരാട്ടത്തിനൊടുവിൽ അവസാന ചിരി ആരുടേതാണെന്നറിയാൻ ഇനി ഒരാഴ്ച മാത്രം. ഫേവറൈറ്റുകളിൽ മുമ്പൻ നൊവാക് ദ്യോകോവിച് തന്നെയാണ്. ഏറ്റവും കൂടുതൽ തവണ ദുബൈ ഓപൺ കിരീടം സ്വന്തമാക്കിയ സാക്ഷാൽ റോജർ ഫെഡററെ മറികടക്കാനുള്ള ഒരുക്കത്തിലാണ് ദ്യോകോ. ഏഴ് തവണ കിരീടം നേടിയ ഫെഡ് എക്സ്പ്രസിന്റെ പിന്നാലെ എതിരില്ലാതെ പായുകയാണ് ദ്യോകോവിച്ച്.
അഞ്ച് തവണയാണ് ദ്യോകോ ദുബൈ ഓപണിൽ മുത്തമിട്ടത്. അതേസമയം, പരിക്കേറ്റ റാഫേൽ നദാൽ ഇല്ലാത്തത് കാണികളിൽ നിരാശ പടർത്തുന്നുണ്ട്. ടൂർണമെന്റിൽ ഉൾപെടുത്തിയിരുന്നെങ്കിലും ആസ്ട്രേലിയൻ ഓപണിനിടെ ഉണ്ടായ പരിക്കാണ് നദാലിന് വിനയായത്. നദാലിന്റെ അഭാവത്തിലും ഒരുപിടി മികച്ച താരങ്ങൾ കളത്തിലിറങ്ങുന്നുണ്ട്.
ആന്ദ്രേ റബ്ലേവ്, ഡാനിൽ മെദ്വദേവ്, കാരൻ കച്ചാനോവ്, ആന്ദ്രേ സ്വരേവ്, ബോർണ കോറിക്, ഡാനിയൽ ഇവാൻസ്, പാേബ്ലാ ബുസ്ത തുടങ്ങിയവർ മൈതാനത്തിറങ്ങുന്നുണ്ട്. ഗൾഫിലെ ഏറ്റവും ആകർണഷമേറിയ ടെന്നിസ് ടൂർണമെന്റാണിത്. സൂപ്പർ താരങ്ങളുടെ സാന്നിധ്യം മാത്രമല്ല, വമ്പൻ പ്രൈസ് മണിയും വിജയികൾക്ക് നൽകുന്നുണ്ട്. മുൻകാലങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു റോജർ ഫെഡറർ. ഫെഡ് എക്സ്പ്രസ് വിടവാങ്ങിയ ശേഷമുള്ള ആദ്യ ദുബൈ ഓപണാണ് ഇപ്പോൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.