ദുബൈ: ഇ-സ്കൂട്ടറുകൾ താമസക്കാർക്കിടയിൽ സജീവമാകുന്ന സാഹചര്യത്തിൽ ദുബൈയിൽ ഇ-സ്കൂട്ടർ റേസിന് കളമൊരുങ്ങുന്നു. ദുബൈ സ്പോർട്സ് കൗൺസിലും ഫെഡറേഷൻ ഓഫ് ഫോര്‍ മൊബിലിറ്റി ആൻഡ് സ്പോര്‍ട്ടും ചേർന്നാണ് ആദ്യ ഇ-സ്കൂട്ടര്‍ റേസിന് വേദിയൊരുക്കുന്നത്.
ദുബൈ ഇലക്ട്രിക് സ്കൂട്ടർ കപ്പിനുവേണ്ടിയുള്ള ഈ വർഷത്തെ മത്സരം ഡിസംബർ 16ന് നടക്കും. ലോകത്തെ ഏറ്റവും മികച്ച റൈഡര്‍മാര്‍ മത്സരത്തിന്റെ ഭാഗമാവുമെന്ന് സംഘാടകർ അവകാശപ്പെട്ടു. യു.എ.ഇയുടെ സുസ്ഥിരതാ വർഷത്തിന്റെ സമാപനമെന്ന നിലയിൽകൂടിയാവും മത്സരം ഒരുക്കുക.
മത്സരത്തില്‍ ലോകത്തെ ഏറ്റവും മികച്ച 16 പുരുഷ, വനിത റൈഡര്‍മാര്‍ പങ്കെടുക്കും. നോക്കൗട്ട് രീതിയിലായിരിക്കും മത്സരം. ദുബൈ നഗരത്തിലെ വിവിധ സൈക്കിൾ പാതയിലൂടെയും പാലങ്ങളിലൂടെയും 100 കിലോമീറ്റര്‍ വേഗത്തില്‍ റൈഡ് ചെയ്യാവുന്ന രീതിയില്‍ മത്സരത്തിനായി വ്യത്യസ്തമായ ട്രാക്കുകള്‍ രൂപകല്പന ചെയ്യും.
അതിവേഗം വളരുന്ന ലഘു ഗതാഗതരംഗത്ത് ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദുബൈ ഇലക്ട്രിക് സ്കൂട്ടര്‍ കപ്പ് രൂപപ്പെടുത്തിയിരിക്കുന്നത്. ദുബൈ ഇലക്ട്രിക് സ്കൂട്ടർ കപ്പ് അത്യാധുനിക ഇ-ടെക്നോളജിയുടെയും ഇ-സ്കൂട്ടർ റേസിങ്ങിന്റെയും പ്രദർശനമായിരിക്കുമെന്നും മത്സരത്തിലേക്ക് അന്താരാഷ്ട്ര ടീമുകളെയും റൈഡർമാരെയും സ്വാഗതംചെയ്യുന്നുവെന്നും ദുബൈ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സഈദ് മുഹമ്മദ് ഹാരിബ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ദുബൈ നഗരത്തിന്റെ മൈക്രോ മൊബിലിറ്റി രംഗത്തെ ശക്തി തെളിയിക്കുന്നതായിരിക്കും വ്യത്യസ്തമായ ഈ മത്സരമെന്ന് ഫെഡറേഷൻ ഫോര്‍ മൈക്രോമൊബിലിറ്റി ആൻഡ് സ്പോർട്ട് പ്രസിഡൻറ് അലക്സ് വുര്‍സ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.