ദുബൈ: ദേശീയ അണുനശീകരണ പദ്ധതിയുടെ ഭാഗമായി ദുബൈയിൽ 24 മണിക്കൂർ നിയന്ത്രണം തുടരുന് നതിനിടെ, മറ്റു എമിറേറ്റുകളിലേക്കുള്ള യാത്രകൾ മുടങ്ങിപ്പോയവർക്ക് പരിഹാരമാർഗം തെളിയുന്നു. ദുബൈ വഴി അബൂദബിയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇപ്പോൾ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡും മറ്റ് നാലു പ്രധാന റോഡുകളും ഉപയോഗിക്കാമെന്ന് ദുബൈ പൊലീസ് അറിയിച്ചു.സമ്പൂർണ യാത്രവിലക്ക് ഏർപ്പെടുത്തി 24 മണിക്കൂറും അണുനശീകരണ പദ്ധതി നടക്കുന്നതിനാൽ നിയമലംഘകരെ നിരീക്ഷിക്കുന്നതിന് സ്ഥാപിച്ച റഡാറുകൾ, കാമറകൾ എന്നിവ ദുബൈ അഞ്ചു ഹൈവേകളിൽ സജീവമാക്കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ശൈഖ് സായിദ്, എമിറേറ്റ്സ്, ശൈഖ് മുഹമ്മദ് ബിൻ സായിദ്, ദുബൈ-അൽഐൻ, ദുബൈ ഹത്ത റോഡുകൾ വഴി പൊതുജനങ്ങൾക്ക് ദുബൈ വഴി മറ്റ് എമിറേറ്റുകളിലേക്ക് പോകാൻ കഴിയും. റോഡുകളിലെ റഡാറുകൾ സ്വിച്ച് ഓഫ് ചെയ്യുമെങ്കിലും വേഗനിയന്ത്രണ സംവിധാനം തുടരും.
അബൂദബിയിലേക്കോ മറ്റ് എമിറേറ്റുകളിലേക്കോ പോകാൻ ഈ റോഡുകൾ എല്ലാ ഡ്രൈവർമാർക്കും ഉപയോഗിക്കാമെന്ന് ദുബൈ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ദുബൈ പൊലീസ് ട്രാഫിക് വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. അഞ്ച് റോഡുകളിൽ അനുവദനീയമാണെങ്കിലും വാഹനങ്ങൾ ദുബൈയിൽ നിർത്തുന്നതിന് വിലക്കുണ്ട്. വാഹനമോടിക്കുന്നവർ മറ്റ് എമിറേറ്റുകളിലേക്ക് നേരിട്ട് പോകുകയാണെങ്കിൽ മാത്രമേ ഈ റോഡുകളിലൂടെ പോകാവൂ എന്നും അദ്ദേഹം പറഞ്ഞു.കോവിഡിനെതിരെ കർശന പ്രതിരോധ പരിപാടികൾ തുടരുന്ന സാഹചര്യത്തിൽ നിയമങ്ങളും നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്നും ആളുകൾ പരമാവധി വീട്ടിൽ തന്നെ കഴിയണമെന്നും ദുബൈ പൊലീസ് അഭ്യർഥിച്ചു.അണുനശീകരണ പദ്ധതി നടക്കുന്ന സമയങ്ങളിൽ എല്ലാവരും വീട്ടിൽ തന്നെ തുടരേണ്ടത് വളരെ പ്രധാനമാണ്. റഡാറുകളിൽ പിടിക്കപ്പെട്ട വ്യക്തികളുടെ ചലനം തിരിച്ചറിയുന്നതിനുള്ള സാങ്കേതികവിദ്യകൾ പൊലീസ് പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണം, മരുന്ന്, ആശുപത്രി സന്ദർശനങ്ങൾ എന്നിവ പോലുള്ള അടിയന്തര ഘട്ടങ്ങളിൽ പുറത്തിറങ്ങുന്നവരും ആവശ്യമായ തെളിവുകൾ ഹാജരാക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.