നാളെയുടെ സാങ്കേതികരംഗത്തെ മുന്നേറ്റങ്ങളും ഫാഷൻലോകത്തെ മായിക സൗന്ദര്യങ്ങളും ഇന്നുതന്നെ അറിയിക്കാൻ ഫ്രാൻസ് പവലിയൻ. ദുബൈ എക്സ്പോ നഗരിയിൽ പ്രകൃതിയും സാങ്കേതികവിദ്യയും എന്ന ആശയത്തെ മുൻനിർത്തി മനോഹരമായി രൂപകല്പന ചെയ്ത ഫ്രഞ്ച് പവലിയൻ നിർമാണം പൂർത്തിയായി. മുൻ ഫ്രഞ്ച് ഗതാഗത മന്ത്രി എലിസബത്ത് ബോർണിയുടെ സാന്നിധ്യത്തിൽ 2019 മേയ് മാസമാണ് പവലിയൻ നിർമാണത്തിന് തുടക്കമായത്. കോവിഡ് വെല്ലുവിളികൾക്കിടയിലും ഏറ്റവുംമികച്ച നിലയിലാണ് ഇതിന്റെ നിർമാണം നടന്നത്. പച്ചപ്പും വൃക്ഷത്തലപ്പുകളും ഇടംപിടിച്ച പവിലിയനിൽ മരങ്ങൾക്കൊപ്പം നൂതന സങ്കേതങ്ങളുമുണ്ടെന്നതാണ് വലിയ പ്രത്യേകതകളിലൊന്ന്.
ഭാവിതലമുറ കാത്തിരിക്കുന്ന ഫാഷൻ സങ്കൽപങ്ങളുടെ മായിക സൗന്ദര്യ ലോകം തീർക്കാൻ കഴിയുമെന്ന് ഫ്രഞ്ച് അധികൃതർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിവിധ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയ ഡിസൈനുകൾ, മോഡലുകൾ, ചിത്രങ്ങൾ തുടങ്ങിയവയും കാഴ്ചക്കാർക്ക് ആസ്വദിക്കാനാവും. സൗന്ദര്യ-സുഗന്ധ ലേപനങ്ങൾ, ആഭരണങ്ങൾ, തലമുടിക്കും കൺപീലികൾക്കുമുള്ള അപൂർവ നിറക്കൂട്ടുകൾ തുടങ്ങിയവയും ഇവിടെയുണ്ടാകും.
പ്രമുഖ ഡിസൈനർമാരെ പരിചയപ്പെടാനും അവസരമുണ്ട്. ഫ്രഞ്ച് കരകൗശല വിദ്യകൾ, ശിൽപങ്ങൾ, രുചിക്കൂട്ടുകൾ, സാങ്കേതിക വിദ്യകൾ, പൈതൃകത്തനിമകൾ എന്നിവയ്ക്കു പ്രത്യേക മേഖലകൾ ഒരുക്കിയിട്ടുണ്ട്. ശാസ്ത്രം, വിദ്യാഭ്യാസം, കല എന്നിവയെ അടിസ്ഥാനമാക്കിയ പ്രത്യേക പരിപാടികളാണ് പവലിയനിലെ പ്രധാന ആകർഷണങ്ങളിൽ മറ്റൊന്ന്. സന്ദർശകരെ വരവേൽക്കുന്ന അതിവിശാല ഹാൾ നാളിതു വരെ കണ്ടിട്ടില്ലാത്ത വൈവിധ്യങ്ങളൊരുക്കിയാണ് രൂപകല്പന ചെയ്തിട്ടുള്ളത്. രാജ്യത്തെ ഓരോ പ്രദേശത്തെയും തനിമകൾക്കനുസരിച്ചാണു നിർമാണം. പ്രധാന ഹാളിൽ സ്ഥിരമായി പ്രദർശന മേള നടത്തും.
പ്രമുഖ വാഹനനിർമാതാക്കളായ റെനോയുടെ പ്രദർശന ശാലയിൽ ഭാവിയിലെ സാങ്കേതിക വിദ്യകളും വാഹന മാതൃകകളും പരിചയപ്പെടാം. വിനോദസഞ്ചാര അനുഭവങ്ങൾ, രുചിക്കൂട്ടുകൾ, സാംസ്കാരിക മികവുകൾ എന്നിവ സന്ദർശകർക്ക് അറിയാനാകും. യു.എ.ഇ. സ്റ്റേറ്റ് മന്ത്രിയും ദുബൈ വേൾഡ് എക്സ്പോ എം.ഡി.യുമായ റീം അൽ ഹാഷിമി, ഫ്രഞ്ച് വിദേശ വാണിജ്യ, ധന മന്ത്രി ഫ്രാങ്ക് റീയ്സ്റ്റർ, എക്സ്പോ 2020 ഫ്രഞ്ച് കമ്മിഷണർ ജനറൽ എറിക് ലിങ്ക്യുർ എന്നിവർ സംബന്ധിച്ച ചടങ്ങിലാണ് പവലിയൻ നിർമാണ വിവരങ്ങൾ പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.