ദുബൈ: ദുബൈ എക്സ്പോ 2020 മെഗാ ഇവൻറിന് മുന്നോടിയായി പൊതുജനങ്ങൾക്കും സന്ദർശകർക്കും മുന്നിൽ എക്സ്പോ വിസ്മയവാതിലുകൾ തുറക്കുന്നു. എക്സ്പോ നഗരിയിലെ പരിസ്ഥിതി സൗഹൃദ രൂപകൽപനകൾ നേരിട്ടു കാണുന്നതിനായി സുസ്ഥിരത പവിലിയനുകളാണ് ജനുവരി 22 മുതൽ മൂന്നുമാസത്തേക്ക് തുറക്കുന്നത്.
കണ്ണഞ്ചിപ്പിക്കുന്ന അത്ഭുതങ്ങളും അതിശയങ്ങളും നിറച്ച ദുബൈ എക്സ്പോയുടെ മൂന്ന് ഉപ തീമുകളിലൊന്നാണ് സുസ്ഥിരത. പരിസ്ഥിതിയിൽ മനുഷ്യരുടെ സ്വാധീനത്തെ കുറിച്ച് അവബോധം വളർത്തുന്നതിനായി ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത നിർമാണങ്ങളും കലാചാരുതയും ഒത്തുചേർന്നിട്ടുള്ള കാഴ്ചയാണ് സുസ്ഥിരത പവിലിയനിൽ. ദുബൈ എക്സ്പോ 2020 വരുന്ന ഒക്ടോബർ മുതൽ ഒരു വർഷക്കാലത്തേക്കാണെങ്കിലും ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്നോടിയായാണ് പൊതുജനങ്ങൾക്കും സന്ദർശകർക്കുമായി 'പവിലിയൻസ് പ്രീമിയർ'അടുത്ത ആഴ്ച മുതൽ ഒരുക്കുന്നത്.
വിശാലമായ എക്സ്പോ സൈറ്റിലെ പരിസ്ഥിതി സൗഹൃദ അത്ഭുതം കാണാനുള്ള ടിക്കറ്റുകൾക്ക് 25 ദിർഹമാണ് വില. യു.എ.ഇ നിവാസികൾക്കും വിനോദസഞ്ചാരികൾക്കും ജനുവരി 22 മുതൽ ഏപ്രിൽ 10 വരെ എക്സ്പോ 2020 ദുബൈയുടെ ടെറ - സുസ്ഥിരത പവിലിയൻ സന്ദർശിക്കാം. https://expo2020dubai.com/en/pavilions-premiere എന്ന ലിങ്ക് വഴി ഓൺലൈനായി ടിക്കെറ്റടുക്കാം.
പവിലിയനിൽ നേരിട്ട് എത്തിയാൽ ടിക്കറ്റ് ലഭിക്കില്ല. സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈനായി ബുക്ക് ചെയ്യണം. കോവിഡ് നിയന്ത്രണം തുടരുന്നതിനാൽ ഘട്ടം ഘട്ടമായിരിക്കും പ്രവേശനം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ നിശ്ചിത സമയവും തീയതിയും അറിയിക്കും. ജനുവരി 22 മുതൽ ഏപ്രിൽ 10 വരെയാണ് സന്ദർശന സമയം. ചൊവ്വ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ ഒമ്പതുവരെയാണ് പ്രവേശനം. വാരാന്ത്യങ്ങളിൽ വൈകീട്ട് നാലുമുതൽ 10 വരെയും പവിലിയൻ പ്രവർത്തിക്കും.
'പ്ലാനറ്റ് എർത്ത്'എന്ന പേരിൽ തയാറാക്കിയ ടെറയാണ് പരിസ്ഥിതി സൗഹൃദ സുസ്ഥിരത പവിലിയൻ. ലോകത്തിലെ അത്ഭുതങ്ങളിലൂടെയുള്ള യാത്രയാണ് സന്ദർശകർക്കായി ഒരുക്കിയത്. കാടിെൻറ വേരുകളിലൂടെ ഒരു സംവേദനാത്മക നടത്തം. ഓരോ ചുവടിലും പ്രകൃതിയെ അറിഞ്ഞും അനുഭവിച്ചുമുള്ള അവിസ്മരണീയ അനുഭവമാണ് സന്ദർശകരെ കാത്തിരിക്കുന്നത്. സൗരോർജത്തിൽനിന്നും പുനരുപയോഗം ചെയ്യുന്ന വെള്ളത്തിൽ നിന്നുമാണ് എക്സ്പോ സൈറ്റിലെ 6,300 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സുസ്ഥിരത പവിലിയൻ പ്രവർത്തിക്കുന്നത്. പവിലിയന് ആവശ്യമായ ഉൗർജം നൽകുന്നതിന് 1,055 ഫോട്ടോ വോൾട്ടെയ്ക്ക് പാനലുകൾ കൊണ്ടാണ് 130 മീറ്റർ വീതിയുള്ള മേൽക്കൂര തയാറാക്കിയത്.
വിടർന്നുനിൽക്കുന്ന സൂര്യകാന്തിപ്പൂവിെൻറ ആകൃതിയിലുള്ള കൂറ്റൻ 'എനർജി ട്രീകൾ'മുഖേനയാണ് പ്രദേശത്തുടനീളം സൗരോർജം വിതരണം ചെയ്യുന്നത്. സൂര്യപ്രകാശം നേരിട്ട് ആഗിരണം ചെയ്താണ് ഉൗർജം സംഭരിക്കുന്നത്. കെട്ടിടത്തിൽ സ്ഥാപിച്ച സാങ്കേതികവിദ്യയിലൂടെ പ്രതിവർഷം നാലു ജിഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാം. ജല ഉപയോഗത്തിനും മാതൃകകളുണ്ട്. വെള്ളം കുറക്കുന്നതിനുള്ള തന്ത്രങ്ങൾ, ജല പുനരുപയോഗം, ഇതര ജലസ്രോതസ്സുകൾ എന്നിവയും പവിലിയൻ ഉപയോഗിക്കുന്നു. വെള്ളം ഉപയോഗം 75 ശതമാനം കുറയ്ക്കാൻ പവിലിയൻ ഗ്രേ വാട്ടർ റീസൈക്ലിങ് സിസ്റ്റവും പ്രാദേശിക സസ്യങ്ങളും ഉപയോഗിക്കുന്നു.
മനുഷ്യരെന്ന നിലയിൽ നാമെല്ലാവരും അഭിമുഖീകരിക്കുന്ന സുസ്ഥിരതയും പാരിസ്ഥിതിക പ്രശ്നങ്ങളും തിരിച്ചറിയുക എന്നതാണ് ഈ തീം തെരഞ്ഞെടുത്തതിെൻറ കാരണമെന്ന് എക്സ്പോയിലെ മുഖ്യ ഓഫിസർ മതൊൻ ഫറൈദൂനി പറഞ്ഞു. പാരിസ്ഥിതിക പ്രശ്നങ്ങൾ ആശയവിനിമയം നടത്താനുള്ള ഉത്തരവാദിത്തം പൊതുജനങ്ങളുടേതാണ്. പരിസ്ഥിതിയെ സ്വാധീനിക്കുന്ന വ്യക്തിപരമായ തിരഞ്ഞെടുപ്പുകൾക്ക് ആളുകളെ പ്രചോദിപ്പിക്കുകയാണ് ലക്ഷ്യം -മർജാൻ ഫറൈദൂനി കൂട്ടിച്ചേർത്തു.
പ്രശസ്ത ആർക്കിടെക്റ്റുകൾ രൂപകൽപന ചെയ്ത ഈ പവിലിയൻ സുസ്ഥിര കെട്ടിട രൂപകൽപനക്ക് മാതൃകയാണ്. വരും തലമുറക്ക് സുസ്ഥിര തിരഞ്ഞെടുപ്പുകൾക്ക് പ്രചോദനം നൽകുന്ന സയൻസ് സെൻറർ എന്ന നിലയിലാണ് പവിലിയൻ രൂപകൽപന ചെയ്തത്. മെച്ചപ്പെട്ട ആരോഗ്യ-സുരക്ഷ നടപടികൾ കാരണം പരിമിതമായ പ്രവർത്തന സമയവും ശേഷി നിയന്ത്രണങ്ങളും ഉണ്ട്. ആഴ്ചയിൽ അഞ്ചു ദിവസമായിരിക്കും പ്രവർത്തനം. ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം. മിഡിലീസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ (മിയാസ) മേഖലകളിൽ നടക്കുന്ന ആദ്യ ലോക എക്സ്പോയായിരിക്കും ഇത്. ഈ വർഷം ഒക്ടോബർ ഒന്നുമുതൽ 2022 മാർച്ച് 31 വരെയാണ് ദുബൈ എക്സ്പോ 2020.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.