ദുബൈ: മതസമൂഹങ്ങൾക്കിടയിൽ സംവാദവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുന്നതിന് എക്സ്പോ 2020 ദുബൈയിൽ സഹിഷ്ണുതാവാരാചരണം ആരംഭിച്ചു. ഇതിെൻറ ഭാഗമായി യു.എ.ഇയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര സഹിഷ്ണുതാസഖ്യത്തിന് കഴിഞ്ഞ ദിവസം തുടക്കമായി. സമാധാനപരമായ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുന്നതിന് മതനേതാക്കളെയും സർക്കാറുകളെയും ഒരുമിപ്പിക്കുന്ന സംരംഭമാണിത്. എക്സ്പോയിലെ ഇറ്റാലിയൻ പവലിയനിൽ നടന്ന പ്രത്യേക ചടങ്ങിൽ യു.എ.ഇ സഹിഷ്ണുത-സഹവർത്തിത്വകാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാനാണ് പദ്ധതിക്ക് തുടക്കമിട്ടത്. സഹിഷ്ണുതാ വാരാചരണത്തിെൻറയും അന്താരാഷ്ട്ര സഹിഷ്ണുതാ ദിനത്തിെൻറയും ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് പ്രഖ്യാപനമുണ്ടായത്.
എല്ലാ തരത്തിലുള്ള അസഹിഷ്ണുതയും വെറുപ്പും ഉപേക്ഷിക്കുന്നതിന് ലോകം കൈകോർക്കണമെന്ന് ശൈഖ് നഹ്യാൻ ചടങ്ങിൽ ആവശ്യപ്പെട്ടു. 200ലധികം രാജ്യങ്ങളിൽനിന്നുള്ള മനുഷ്യർ ഐക്യത്തോടെ ജീവിക്കുന്ന സമാധാനപരവും സമൃദ്ധവുമായ രാഷ്ട്രമെന്നനിലയിൽ അടുത്ത 50 വർഷത്തിലേക്ക് യാത്ര ചെയ്യാൻ യു.എ.ഇ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകമെമ്പാടും വിദ്വേഷ പ്രസംഗങ്ങളും വംശീയതയും വർധിക്കുന്ന ഘട്ടത്തിൽ സഹിഷ്ണുതാസഖ്യത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച യു.എൻ അലയൻസ് ഓഫ് സിവിലൈസേഷൻ ഉന്നത പ്രതിനിധി മിഗ്വൽ ഏയ്ഞ്ചൽ മൊറാറ്റിനോസ് പറഞ്ഞു. അൽ അസ്ഹർ ഡെപ്യൂട്ടി ഗ്രാൻഡ് ഇമാം ഡോ. മുഹമ്മദ് അൽ ദുവൈനി, ബിഷപ് പോൾ ഹിൻദർ, അബൂദബി ഹിന്ദുക്ഷേത്ര മേധാവി സ്വാമി ബ്രഹ്മവിരാഹിദാസ്, അമേരിക്കൻ ജൂത കമ്മിറ്റിയിലെ റബ്ബി ഡേവിഡ് ഷിലോമോ റോസൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ദുബൈ: ഇസ്രായേലിൽനിന്ന് ആദ്യമായി യു.എ.ഇയിലെത്തിയ മതാന്തര പ്രതിനിധിസംഘം എക്സ്പോ 2020 ദുബൈയിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു. ഇസ്രായേൽ പവലിയനിൽ സഹിഷ്ണുതാ വാരത്തോടനുബന്ധിച്ച പരിപാടിയിലാണ് ഇവർ പങ്കെടുത്തത്. ജൂത-മുസ്ലിം-ക്രിസ്ത്യൻ-ദറൂസി-ബഹായ് മതങ്ങളുടെ പുരോഹിത പ്രമുഖരാണ് എത്തിച്ചേർന്നത്. യു.എ.ഇയുടെ സ്വീകരണത്തിനും സഹിഷ്ണുതക്കും ഇവർ നന്ദിയറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.