ദുബൈ: എക്സ്പോ 2020ദുബൈയിലെ സന്ദർശകരുടെ എണ്ണം 30ലക്ഷത്തിലേക്ക്. ഒക്ടോബർ ഒന്നിന് ആരംഭിച്ച സന്ദർശക പ്രവാഹം അഞ്ചാഴ്ച പിന്നിട്ടപ്പോൾ 29ലക്ഷം കടന്നതായി കഴിഞ്ഞ ദിവസം സംഘാടകർ വെളിപ്പെടുത്തി. ഇവരിൽ 65ശതമാനം പേരും ആറുമാസത്തെ സീസൺ പാസെടുത്താണ് വിശ്വമേളയിൽ പ്രവേശിച്ചത്. ഒരു ലക്ഷം സന്ദർശകർ കുട്ടികളുമാണ്. ഇതുവരെയുള്ള കണക്കനുസരിച്ച് സൗദി അറേബ്യയുടെ പവലിയനാണ് ഏറ്റവും കൂടുതൽ പേരെ ആകർഷിച്ചത്. അഞ്ചുലക്ഷത്തിലേറെ പേരാണ് ഇവിടെ ഇതിനകം സന്ദർശിച്ചത്. ഇന്ത്യൻ പവലിയനിലെത്തിയവരുടെ എണ്ണം രണ്ട് ലക്ഷത്തിലേറെയായിട്ടുണ്ട്.
യു.എ.ഇ താമസക്കാർക്കിടയിലും വിനോദ സഞ്ചാരികൾക്കിടയിലും എക്സ്പോയുടെ താൽപര്യത്തെ വ്യക്തമാക്കുന്നതാണ് സന്ദർശകരുടെ എണ്ണത്തിലെ വർധനവെന്ന് അധികൃതർ പ്രസ്താവിച്ചു. സ്കൂളുകളിലെ മധ്യകാലാവധിയും ദീപാവലി അടക്കമുള്ള ആഘോഷങ്ങളും സന്ദർശകരുടെ എണ്ണം വർധിക്കാൻ കാരണമായിട്ടുണ്ട്. അൽഭുതപ്പെടുത്തുന്ന രീതിയിലാണ് സന്ദർശകരുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നതെന്ന് എക്സ്പോ കമ്മ്യൂണിക്കേഷൻസിെൻറ സീനിയർ വൈസ് പ്രസിഡൻറ് സ്കോനെയ്ഡ് മക്ജീചിൻ അറിയിച്ചു. ഇതിനകം ഓൺലൈൻ വഴി എക്സ്പോ പരിപാടികൾ വീക്ഷിച്ചവരുടെ എണ്ണം 15ലക്ഷം കടന്നിട്ടുണ്ട്.
നവംബറിൽ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ എക്സ്പോ സന്ദർശിക്കുന്നതിന് ടിക്കറ്റ് നിരക്ക് പകുതിയാക്കിയിട്ടുണ്ട്. ദിവസ ടിക്കറ്റിന് നൽകണ്ടേ 95ദിർഹമിന് പകരം 45ദിർഹമാണ് ഈ ടിക്കറ്റിന് ഇടാക്കുക. വാരാന്ത്യ അവധികളായ വെള്ളി, ശനി ഒഴികെയുള്ള ദിവസങ്ങളിലാണ് ഓഫർ. ഓഫർ ടിക്കറ്റെടുക്കുന്നവർക്ക് 10 സ്മാർട് ക്യൂ ബുക്കിങ് സൗകര്യവുമുണ്ടായിരിക്കും. വിവിധ പവലിനുകളിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ സ്മാർട് ക്യൂ ബുക്കിങ് ഉപയോഗിക്കുന്നവർക്ക് വരിനിൽക്കാതെ പ്രവേശനമനുവദിക്കും. നവംബർ ടിക്കറ്റ് നിരക്കിലെ ഇളവ് കൂടുതൽ സന്ദർശകരെ മേളയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.