ദുബൈ: വിനോദത്തിന്റെയും വ്യാപാരത്തിന്റെയും ഉത്സവ നാളുകൾക്ക് തുടക്കം കുറിച്ച് ദുബൈ ഗ്ലോബൽ വില്ലേജിന്റെ 27ാം സീസണിന് സമാരംഭം. ചൊവ്വാഴ്ച വൈകീട്ട് ആറുമണിക്കാണ് 'ആഗോള ഗ്രാമ'ത്തിന്റെ വാതിലുകൾ വീണ്ടും തുറന്നത്. പുതിയ ആകർഷണങ്ങളും വിനോദങ്ങളും ഉൾപ്പെടുത്തിയ മേളയുടെ പുതിയ സീസൺ 2023 ഏപ്രിൽ വരെ നീളും. എല്ലാദിവസവും വൈകീട്ട് നാലു മുതലാണ് നഗരിയിലേക്ക് പ്രവേശനം അനുവദിക്കുക. വാരാന്ത്യങ്ങളിൽ പുലർച്ച ഒരു മണിവരെ പ്രവർത്തിക്കും.
3,500ലധികം ഷോപ്പിങ് ഔട്ട്ലറ്റുകളും 250ലധികം റസ്റ്റാറന്റുകളും കഫേകളും സ്ട്രീറ്റ് ഫുഡ് കടകളും വില്ലേജിൽ ഒരുക്കിയിട്ടുണ്ട്. ലോകോത്തര സംഗീത പരിപാടികളും തെരുവ് വിനോദ പരിപാടികളുമടക്കം നാൽപതിനായിരം ഷോകളാണ് ഗ്ലോബൽ വില്ലേജിൽ ഇത്തവണ ഒരുക്കിയത്. ഗ്ലോബൽ വില്ലേജ് മുഴുവൻ കാണാൻ സൗകര്യമുള്ള 'ഗ്ലോബൽ വില്ലേജ് ബിഗ് ബലൂൺ' അടക്കം 175 തരം റൈഡുകളും ഗെയിമുകളും ഇതിനു പുറമെയുണ്ട്.
വിനോദസഞ്ചാരത്തിന്റെ ആഗോള കേന്ദ്രമായി ദുബൈയെ മാറ്റാൻ മൂന്നു പതിറ്റാണ്ടോളമായി പ്രവർത്തിക്കുന്ന ഗ്ലോബൽ വില്ലേജ് സഹായിച്ചിട്ടുണ്ടെന്ന് ദുബൈ ഹോൾഡിങ് എന്റർടെയ്ൻമെന്റ് സി.ഒ.ഒ മുഹമ്മദ് ശറഫ് പറഞ്ഞു. കഴിഞ്ഞ സീസണിനുശേഷം സന്ദർശകരുടെ പ്രതികരണങ്ങൾകൂടി പരിഗണിച്ച് 27ാമത് സീസണിലേക്ക് പുതിയ ഷോപ്പിങ്, ഡൈനിങ്, വിനോദ അനുഭവങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഞ്ചാരികളെ എത്തിക്കുന്നതിനായി ആർ.ടി.എ വിവിധ റൂട്ടുകളിൽനിന്ന് ബസ് സർവിസ് ആരംഭിച്ചിട്ടുണ്ട്. റാശിദിയ്യ സ്റ്റേഷൻ, ഗുബൈബ സ്റ്റേഷൻ, എമിറേറ്റ്സ് മാൾ സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്ന് ഓരോ മണിക്കൂർ ഇടവിട്ട് ബസ് സർവിസുണ്ടാകും. കാറിൽ വരുന്നവർക്ക് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ (ഇ-311) എക്സിറ്റ് 37 വഴി ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശിക്കാം.
സന്ദർശകർക്ക് ഓൺലൈനായും കൗണ്ടറുകളിലും ടിക്കറ്റ് വാങ്ങാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഗ്ലോബൽ വില്ലേജിന്റെ വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ടിക്കറ്റെടുക്കുന്നവർക്ക് രണ്ടു ടിക്കറ്റുകൾക്കും 10 ശതമാനം കുറവ് ലഭിക്കും. 18 ദിർഹമാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്.
കഴിഞ്ഞ സീസണിൽ ഇവിടെ എത്തിയത് 78 ലക്ഷം സന്ദർശകരായിരുന്നു. കോവിഡാനന്തരം ടൂറിസം മേഖലയിൽ ദുബൈയുടെ തിരിച്ചുവരവ് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ഗ്ലോബൽ വില്ലേജ് സീസൺ. വില്ലേജിന്റെ വെല്ലുവിളികൾ നിറഞ്ഞതെങ്കിലും ഏറ്റവും മികച്ചതും വിജയകരവുമായ സീസണാണ് കടന്നുപോയത്. യു.എ.ഇ, സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ, ഒമാൻ അഫ്ഗാനിസ്താൻ, ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാൻ, ഇറാഖ്, ജപ്പാൻ, ദക്ഷിണ കൊറിയ, ലബനാൻ, മൊറോക്കോ, പാകിസ്താൻ, ഫലസ്തീൻ, സിറിയ, തായ്ലൻഡ്, തുർക്കി, യമൻ, റഷ്യ, അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് എന്നീ പവിലിയനുകളാണ് ഇത്തവണയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.