ദുബൈ: ലക്ഷക്കണക്കിന് സന്ദർശകർ ഒഴുകിയെത്തുന്ന ദുബൈ ഗ്ലോബൽ വില്ലേജ് ഇന്ന് തുറന്നുകൊടുക്കും. യു.എ.ഇയിലെ ഏറ്റവും ജനപ്രിയ വിനോദ കേന്ദ്രത്തിൽ ഇനി ആറുമാസക്കാലം നീളുന്ന ഉത്സവ രാവുകളാണ് സന്ദർശകരെ കാത്തിരിക്കുന്നത്. 1997ൽ ചെറിയ രീതിയിൽ ആരംഭിച്ച ഗ്ലോബൽ വില്ലേജ് പിന്നീട് യു.എ.ഇയുടെ ഔട്ട്ഡോർ സീസണിലെ ഒഴിച്ചുകൂടാനാവാത്ത വിനോദ കേന്ദ്രമായി മാറുകയായിരുന്നു.
നിരവധി റൈഡുകൾ, വിവിധയിനം ഗെയിമുകൾ, എല്ലാ പ്രായക്കാരെയും ഒരുപോലെ ആകർഷിക്കുന്ന വിവിധ വിനോദോപാധികൾ എന്നിവയെല്ലാം ആഗോള ഗ്രാമത്തെ സമ്പന്നമാക്കും. 29ാം സീസണിലേക്കുള്ള ടിക്കറ്റ് വിൽപന ഓൺലൈനായി മുമ്പ് നേരത്തെ ആരംഭിച്ചിരുന്നു.
മൊബൈൽ ആപ് വഴിയും ഉദ്ഘാടന ദിവസം കേന്ദ്രത്തിൽ വെച്ചും ടിക്കറ്റ് സ്വന്തമാക്കാം. ഞായർ മുതൽ ബുധൻ വരെ വൈകീട്ട് നാല് മുതൽ പുലർച്ചെ 12 വരെയാണ് സന്ദർശന സമയം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും പുലർച്ചെ ഒരു മണിവരെ സന്ദർശനം അനുവദിക്കും. ഉദ്ഘാടന ദിവസമായ ബുധനാഴ്ച വൈകീട്ട് ആറു മണിക്കായിരിക്കും സന്ദർശനം അനുവദിക്കുക.
ഇത്തവണ പുതുമയാർന്ന ആഘോഷ പരിപാടികളാണ് ആഗോള ഗ്രാമത്തിൽ സജ്ജമാക്കിയിരിക്കുന്നത്. ഈ വർഷം പുതിയ മൂന്നെണ്ണം ഉൾപ്പെടെ 30 പവലിയനുകളിലായി 90ലധികം ലോക സംസ്കാരങ്ങളെയാണ് പ്രദർശിപ്പിക്കുക. 3500 ഷോപ്പിങ് ഔട്ട്ലെറ്റുകൾ സന്ദർശകരെ കാത്തിരിക്കുന്നുണ്ട്. കാർണിവൽ ഫൺ ഏരിയക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന പുതിയ റസ്റ്റാറന്റ് പ്ലാസയിലടക്കം 250ലധികം വൈവിധ്യമാർന്ന രുചികളും ആസ്വദിക്കാം. റൈഡുകളുടെയും ഗെയിമുകളുടെയും എണ്ണം 200ലധികമായി വർധിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.