ദുബൈ ഗ്ലോബൽ വി​ല്ലേജ്​ ഇന്ന്​ വീണ്ടും മിഴിതുറക്കും

ദുബൈ: ലോകരാജ്യങ്ങളുടെ വിനോദത്തിന്‍റെയും വ്യാപാരത്തിന്‍റെയും സംഗമഗ്രാമമായ ദുബൈ ​ഗ്ലോബൽ വില്ലേജിന്‍റെ 27ാം സീസൺ ചൊവ്വാഴ്ച വൈകുന്നരം ആറുമണിക്ക്​ ആരംഭിക്കും. പുതിയ ആകർഷണങ്ങളും വിനോദങ്ങളും ഉൾപ്പെടുത്തിയാണ്​ ഇത്തവണ ആഗോള ഗ്രാമം ആരാധകർക്കായി മിഴിതുറക്കുന്നത്​. 2023ഏപ്രിൽ വരെയാണ്​ പുതിയ സീസൺ അരങ്ങേറുക. എല്ലാദിവസവും വൈകുന്നേരം നാലു മുതൽ അർധരാത്രിവരെയാണ്​ നഗരിലേക്ക്​ പ്രവേശനം അനുവദിക്കുക. വാരാന്ത്യങ്ങളിൽ പുലർച്ചെ ഒരു മണി വരെ പ്രവർത്തിക്കും. 3,500ലധികം ഷോപ്പിങ്​ ഔട്ട്‌ലെറ്റുകളും 250-ലധികം റെസ്റ്റോറന്‍റുകളും കഫേകളും സ്ട്രീറ്റ് ഫുഡ് കടകളും വില്ലേജിൽ ഒരുക്കിയിട്ടുണ്ട്​.


എങ്ങനെ എത്തിച്ചേരാം:

സഞ്ചാരികളെ എത്തിക്കുന്നതിനായി ആർ.ടി.എ നാല്​ റൂട്ടുകളിൽ ബസ് സർവീസ് ചൊവ്വാഴ്ച മുതൽ പുനഃരാരംഭിക്കും. ഓരോ മണിക്കൂർ ഇടവിട്ട് ബസ് സർവീസുണ്ടാകും. റാശിദിയ്യ സ്റ്റേഷനിൽ നിന്ന് 102 നമ്പർ ബസും, ഗുബൈബ സ്റ്റേഷിൽ നിന്ന് 104 നമ്പർ ബസും, എമിറേറ്റ്സ് മാൾ സ്റ്റേഷനിൽ നിന്ന് 106 നമ്പർ ബസും ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തും. ഈ ബസുകൾ ഓരോ മണിക്കൂറിലും സർവീസ് നടത്തുമ്പോൾ യൂണിയൻ ബസ് സ്റ്റേഷനിൽ നിന്ന് 103 നമ്പർ ബസ് ഓരോ 40 മിനിറ്റിലും ആഗോളഗ്രാമത്തിലേക്ക് സഞ്ചാരികളെ എത്തിക്കുമെന്ന് ആർ.ടി.എ അറിയിച്ചു. കാറിൽ വരുന്നവർക്ക്​ ശൈഖ്​ മുഹമ്മദ് ബിൻ സായിദ് റോഡിൽ(ഇ-311) എക്സിറ്റ് 37 വഴി ഗ്ലോബൽ വില്ലേജിലേക്ക്​ പ്രവേശിക്കാം.


ടിക്കറ്റ്​ നിരക്ക്​:

സന്ദർശകർക്ക് ഓൺലൈനായും കൗണ്ടറുകളിലും ടിക്കറ്റ് വാങ്ങാം. ഓൺലൈനിൽ വാങ്ങുമ്പോൾ 10 ശതമാനം കുറഞ്ഞ വിലയിൽ ടിക്കറ്റ്​ ലഭിക്കും. ഞായർ മുതൽ വ്യാഴം വരെ (പൊതുഅവധി ദിവസങ്ങൾ ഒഴികെ) ഉപയോഗിക്കാവുന്ന പുതിയ ടിക്കറ്റ് ഈ സീസണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. ഞായർ മുതൽ വ്യാഴം വരെ പ്രവേശനം അനുവദിക്കുന്ന ടിക്കറ്റിന്​(വാല്യൂ ടിക്കറ്റ്​) 20ദിർഹമും ഏത്​ ദിവസവും പ്രവേശിക്കാവുന്ന ടിക്കറ്റിന്(എനി ഡേ ടിക്കറ്റ്​)​ 25ദിർഹമുമാണ്​ നിരക്ക്​. ഗ്ലോബൽ വില്ലേജിന്‍റെ വെബ്​സൈറ്റിലൂടെ​യോ മൊബൈൽ ആപ്പിലൂടെയോ ടിക്കറ്റെടുക്കുന്നവർക്ക്​ രണ്ട്​ ടിക്കറ്റുകൾക്കും 10ശതമാനം കുറവ്​ ലഭിക്കും.



Tags:    
News Summary - Dubai Global Village will reopen today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.