ദുബൈ: ദുബൈ സർക്കാറിന്റെ ഔദ്യോഗിക ലോഗോ പുതുക്കി പുറത്തിറക്കി. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പുതിയ ലോഗോക്ക് അംഗീകാരം നൽകി പുറത്തിറക്കിയത്. പുതിയ ലോഗോ നഗരത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ ആറു മാസത്തിനകം മാറ്റി സ്ഥാപിക്കണമെന്ന് നിർദേശിച്ചു.
അറബ് സംസ്കാരത്തിന്റെ വിവിധ ഘടകങ്ങൾ ചേർത്തുള്ള പഴയ ലോഗോ പുതുക്കി, കെട്ടിലും മട്ടിലും മാറ്റങ്ങളോടെ അവതരിപ്പിച്ചിരിക്കുകയാണ് ദുബൈ സർക്കാർ. പുനഃസംഘടിപ്പിച്ച ദുബൈ എക്സിക്യൂട്ടിവ് കൗൺസിലിന്റെ ആദ്യ യോഗത്തിലാണ് ലോഗോക്ക് അംഗീകാരം നൽകിയത്.
അഞ്ച് ചിത്രങ്ങളാണ് ലോഗോയിലുള്ളത്. മുകളിൽ ചിറകുവിരിച്ച് നിൽക്കുന്ന ഫാൽക്കണിന്റെ ചിത്രമാണുള്ളത്. ദുബൈയുടെ ആധികാരികതയെയും അഭിമാനത്തെയും ഇത് അടയാളപ്പെടുത്തുന്നു. കൃത്യമായ കാഴ്ചപ്പാടും ഭാവിയിലേക്കുള്ള ലക്ഷ്യത്തെയും ഇത് സൂചിപ്പിക്കുകയും ചെയ്യുന്നു. ഗാഫ് ചില്ലകളാണ് ലോഗോയിലെ മറ്റൊരു ചിത്രം. മരുഭൂമിയിൽ അതിജീവിക്കുന്ന ഗാഫ് മരങ്ങൾ സഹജീവിതത്തിന്റെയും സഹിഷ്ണുതയുടെയും കൂടി ചിഹ്നമാണ്. ലോഗോയുടെ മധ്യഭാഗത്ത് ഇടംപിടിച്ചത് പായക്കപ്പലാണ്. വ്യാപാരത്തിന്റെയും സംസ്കാരത്തിന്റെയും വിനിമയസ്ഥാനമെന്ന നിലയിൽ ദുബൈ വഹിക്കുന്ന ചരിത്രപരമായ സ്ഥാനത്തെ ഇത് അടയാളപ്പെടുത്തുന്നു. മറ്റൊരു ചിഹ്നം ഈന്തപ്പനയാണ്. അറബ് ഉദാരതയുടെയും ആതിഥേയത്വത്തിന്റെയും അടയാളമാണത്. പിന്നീട് ഷീൽഡ് രൂപത്തിലുള്ള പതാകയുടെ നിറങ്ങളും കാണാാം. ഇത് ദുബൈ താമസക്കാർ അനുഭവിക്കുന്ന സുരക്ഷിതത്വത്തെ പ്രതിനിധീകരിക്കുന്നു. ചരിത്രവും പൈതൃകവും സുരക്ഷയും വികസനവുമെല്ലാം ഒത്തുചേർന്ന പുതിയ ലോഗോ ഇനി ദുബൈയിലെ സർക്കാർ ഓഫിസുകളിലെയും മറ്റും മുഖമുദ്രയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.