ദുബൈ: വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി എമിറേറ്റിലെ ജിമ്മുകൾക്കും ഫിറ്റ്നസ് സെൻററുകൾക്കും ‘സ്റ്റാർ’ പദവി അനുവദിക്കുന്ന പുതിയ സംവിധാനം പ്രഖ്യാപിച്ചു. ദുബൈ സ്പോർട്സ് കൗൺസിലാണ് ആദ്യമായി ഇത്തരമൊരു സംവിധാനം ഏർപ്പെടുത്താനായി ഒരുങ്ങുന്നത്. നിശ്ചിത മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുന്നവർക്ക് ഫൈവ് സ്റ്റാർ വരെയാണ് പദവി അനുവദിക്കുക. അന്താരാഷ്ട്ര തലത്തിലെ വിദഗ്ധരുമായി സഹകരിച്ചാണ് പദവി നിർണയിക്കുകയെന്നും സ്പോർട്സ് കൗൺസിൽ അധികൃതർ അറിയിച്ചു.
പദവി നിർണയിക്കുന്നതിനായി വിവിധ ജിമ്മുകളുടെയും ഫിറ്റ്നസ് സെൻററുകളുടെയും വിലയിരുത്തൽ ഇതിനകം ആരംഭിച്ചിട്ടുണ്ട്. കുറഞ്ഞ റാങ്കിങ് ലഭിക്കുന്ന സ്ഥാപനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ അധികൃതർ നൽകുകയും ചെയ്യും. ഉപകരണങ്ങളുടെ തരം, പരിപാലിക്കുന്നതിനുള്ള സംവിധാനം, കായികപ്രവർത്തനങ്ങൾക്കുള്ള സൗകര്യങ്ങൾ, ശുചിത്വം, സുരക്ഷിതത്വം, ഇൻസ്ട്രക്ടർമാരുടെയും അംഗങ്ങളുടെയും അനുപാതം, ഇൻസ്ട്രക്ടർമാരുടെ യോഗ്യത, വ്യക്തിഗത പരിശീലന സംവിധാനങ്ങൾ, അംഗങ്ങളുടെ തുടർച്ചയും അംഗത്വം ചേർക്കുന്ന രീതിയും, ഗ്രൂപ് ഫിറ്റ്നസ് ക്ലാസുകൾ, സാമൂഹിക-ഉത്തേജക വിരുദ്ധ ബോധവത്കരണം, ശാരീരിക പ്രവർത്തന സന്നദ്ധതയറിയുന്നതിനുള്ള ചോദ്യാവലി, പോഷകാഹാരം, പാർക്കിങ് സൗകര്യം, അംഗങ്ങളുടെയും ജീവനക്കാരുടെയും സംതൃപ്തി എന്നിവയാണ് റാങ്കിങ്ങിന് മാനദണ്ഡമാക്കുന്നത്. നൂറുകണക്കിന് ജിംനേഷ്യങ്ങളും ഫിറ്റ്നസ് സെൻററുകളുമുള്ള ദുബൈയിൽ ഉപയോക്താക്കൾക്ക് മികച്ച സ്ഥാപനങ്ങൾ കണ്ടെത്തുന്നതിന് പുതിയ സംവിധാനം ഉപകാരപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.