ദുബൈ: രാജ്യത്തെ പ്രമുഖ റിയൽ എസ്റ്റേറ്റ് നിർമാതാക്കളായ നഖീലും മെയ്ദാനും ദുബൈ ഹോൾഡിങ് കമ്പനിക്ക് കീഴിലാകും. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ദുബൈ വ്യോമയാന അതോറിറ്റി പ്രസിഡന്റും എമിറേറ്റ്സ് ഗ്രൂപ് സി.ഇ.ഒയുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂമിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ദുബൈ ഹോൾഡിങ്.
ദുബൈയുടെ സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തുകയാണ് നടപടിയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ശൈഖ് മുഹമ്മദ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. സാമ്പത്തികമായി കൂടുതൽ കാര്യക്ഷമമായ സ്ഥാപനം രൂപപ്പെടുത്തുക, കോടികൾ മൂല്യമുള്ള ആസ്തികൾ സ്വന്തമാക്കാൻ പ്രാപ്തമാക്കുക, വിവിധ മേഖലകളിലെ ആഗോള വിദഗ്ധരുടെ സേവനം ഉറപ്പാക്കുക, പ്രാദേശികമായും ആഗോളതലത്തിലും മത്സരക്ഷമത വർധിപ്പിക്കുക, ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കുകയും ദുബൈ സാമ്പത്തിക അജണ്ട ഡി-33 സാക്ഷാത്കരിക്കുകയും ചെയ്യുക എന്നിവയാണ് നടപടിയുടെ ലക്ഷ്യം -അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ദൗത്യത്തിന് ഏൽപിക്കപ്പെട്ട ടീമിന് എല്ലാവിധ ആശംസകളും നേരുന്നതായും അദ്ദേഹം കുറിച്ചു.
പുതിയ നടപടിയോടെ നഖീൽ, മെയ്ദാൻ കമ്പനികളുടെ നിലവിലെ ഡയറക്ടർ ബോർഡ് ഇല്ലാതാകും. 2004ൽ സ്ഥാപിതമായ ദുബൈ ഹോൾഡിങ് മികച്ച മുന്നേറ്റമാണ് കഴിഞ്ഞ കാലങ്ങളിൽ നേടിയിട്ടുള്ളത്. ജുമൈറ ഗ്രൂപ്, ദുബൈ പ്രോപ്പർട്ടീസ്, ടീകോം ഗ്രൂപ് എന്നിവ കമ്പനിയുടെ കീഴിൽ വരുന്നതാണ്. ടീകോം ഗ്രൂപ്പിന് കീഴിൽ മാത്രം ദുബൈ ഇൻറർനെറ്റ് സിറ്റിയും ദുബൈ മീഡിയ സിറ്റിയും അടക്കം 10 ബിസിനസ് ക്ലസ്റ്ററുകൾ സ്വന്തമായുണ്ട്.
റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ഫുഡ് ആൻഡ് ബിവറേജ്, ലെഷർ, വിനോദം, ഹെൽത്ത് കെയർ എന്നിവയുൾപ്പെടെ മേഖലകളിൽ നഖീലും മെയ്ദാനും നിരവധി പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. പുതിയ നടപടിയോടെ ഈ മേഖലകളിൽ കൂടുതൽ വികസനം ലക്ഷ്യമിട്ട് രണ്ട് കമ്പനികളും ദുബൈ ഹോൾഡിങ്ങിന് കീഴിൽ പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.