ദുബൈ: ലോകത്തിലെ ഏറ്റവും മികച്ച പന്തയക്കുതിരകൾ വാശിയോടെ പോരടിക്കുന്ന ദുബൈ വേൾഡ് കപ്പ് ഇന്ന് മെയ്ദാൻ റേസ് കോഴ്സിൽ നടക്കും. യു.എ.ഇയിലെ കുതിരയോട്ടങ്ങളുടെ രാജശിൽപിയും ദുബൈ ഉപഭരണാധികാരിയുമായിരുന്ന ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂമിെൻറ വിയോഗത്തിെൻറ വേദനയിലാണ് വേൾഡ് കപ്പ് ഇന്ന് അരങ്ങേറുന്നത്. ശൈഖ് ഹംദാന് ആദരാഞ്ജലി അർപ്പിച്ചായിരിക്കും മത്സരം നടക്കുക.
വേഗതയും വിനോദവും സംഗമിക്കുന്ന ലോകകപ്പിെൻറ 25ാം വാർഷികമാണിത്. ആയിരക്കണക്കിന് കാണികൾ തിങ്ങിനിറഞ്ഞുകണ്ടിരുന്ന മത്സരം ഇക്കുറി അടച്ചിട്ട വേദിയിലാവും നടക്കുക. അതേസമയം, ചാനലുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും തത്സമയ സംപ്രേഷണമുണ്ടായിരിക്കും. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പ്രാഥമിക റൗണ്ടുകൾക്ക് ശേഷമാണ് കുതിരകൾ ട്രാക്കിലിറങ്ങുക. ഒരു കോടി ഡോളർ സമ്മാനത്തുകയുള്ള ദുബൈ വേൾഡ് കപ്പ്, കുതിരയോട്ട മത്സരങ്ങളിലെ ഏറ്റവും കൂടുതൽ സമ്മാനത്തുക നൽകുന്ന ടൂർണമെൻറാണ്. യു.എ.ഇ ഭരണാധികാരികളുടെയും രാജകുടുംബാംഗങ്ങളുടെയും കുതിരകൾ ട്രാക്കിലിറങ്ങുന്നുണ്ട്. സഈദ് ബിൻ സുറൂർ പരിശീലിപ്പിച്ച തണ്ടർ സ്നോയാണ് നിലവിലെ ചാമ്പ്യൻ. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന നൂറോളം കുതിരകൾ കഴിഞ്ഞ ദിവസങ്ങളിലായി യു.എ.ഇയിൽ എത്തിയിരുന്നു. അമേരിക്കയിൽനിന്നുള്ള 15 പ്രമുഖ ക്ലബുകളുടെ കുതിരകൾ പങ്കെടുക്കുന്നുണ്ട്. വൈകീട്ട് 3.45 മുതൽ നടക്കുന്ന ഒമ്പത് റൗണ്ട് മത്സരങ്ങൾക്ക് ശേഷമാവും വിജയിയെ തീരുമാനിക്കുക. രാത്രി 8.50നാണ് കലാശപ്പോര്. 1996ൽ തുടങ്ങിയ മേളയുടെ 25ാം വാർഷികാഘോഷമായിരുന്നു കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്നത്. എന്നാൽ, കോവിഡ് വിലങ്ങിട്ടേതാടെ ചരിത്രത്തിലാദ്യമായി വേൾഡ് കപ്പ് മുടങ്ങി. എല്ലാ വർഷവും മാർച്ചിലെ അവസാന ശനിയാഴ്ചയാണ് മത്സരം.
തത്സമയം കാണാം
കാണികൾക്ക് പ്രവേശനമില്ലാത്തതിനാൽ ഇക്കുറി സോഷ്യൽ മീഡിയയിൽ മത്സരം തത്സമയം സംേപ്രഷണം ചെയ്യുന്നുണ്ട്. മെയ്ദാൻ റേസിങ് (MEYDANRACING), ദുബൈ വേൾഡ് കപ്പ് (DUBAIWORLDCUP) എന്നിവയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ മത്സരം കാണാൻ കഴിയും.
വിവിധ രാജ്യങ്ങളിലായി 40 ബ്രോഡ്കാസ്റ്റർമാരാണ് ചാനൽ സംേപ്രഷണം ഏറ്റെടുത്തിരിക്കുന്നത്. യു.എ.ഇ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ദുബൈ റേസിങ് ചാനലിലും യാസ് ടി.വിയിലും തത്സമയം ആസ്വദിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.