ദുബൈ: പ്രായമായവരെ ആദരിക്കാനും തലമുറകൾ തമ്മിലുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കാനുമുള്ള കൂടിക്കാഴ്ചക്ക് വേദിയൊരുക്കി ദുബൈ ഇമിഗ്രേഷൻ വകുപ്പ്. ‘നിങ്ങളുടെ സംതൃപ്തിയാണ് സ്വർഗം’ എന്ന പേരിൽ അൽ മംസാറിലുള്ള സീനിയേഴ്സ് ഹാപ്പിനസ് സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചത്.
സമൂഹത്തിലെ പ്രായമായവരുടെ അമൂല്യമായ സംഭാവനകളെ ആദരിക്കാനും അവർക്ക് സന്തോഷം പകരാനും വേണ്ടിയായിരുന്നു പരിപാടി. ദുബൈ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വിവിധ വിഭാഗങ്ങളും പങ്കുചേർന്നു.
ആഘോഷവും സന്തോഷവും നിറഞ്ഞ പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു. പ്രായമായവരുമായി കളിച്ചും വിശേഷം പങ്കുവെച്ചും അവർക്ക് വിവിധ സമ്മാനങ്ങൾ നൽകിയും സന്തോഷം പകർന്ന ചടങ്ങ് വേറിട്ടതായി. ഇത്തരം പരിപാടികളിലൂടെ ജീവിതത്തിൽ പ്രായമായവരുടെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കാനും പുതുതലമുറയെ പഴയ തലമുറയുമായി ബന്ധിപ്പിക്കാനും അവരിൽ നിന്ന് പഠിക്കാനും സാധിക്കുമെന്ന് ദുബൈ ഇമിഗ്രേഷൻ അധികൃതർ അറിയിച്ചു.
പ്രായമായവരോടുള്ള ബഹുമാനവും സ്നേഹവും വളർത്തുന്നതിലൂടെ തലമുറകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും കൂടുതൽ സാമീപ്യവും അവരെ പിന്തുണക്കുന്ന സമൂഹം സൃഷ്ടിക്കാനുമാണ് പരിപാടി സന്ദേശമേകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.