ദുബൈ: പൊതു-സ്വകാര്യ മേഖലകളിലെ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യാൻ ദുബൈയിൽ പുതിയ നിയമം. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പുറപ്പെടുവിച്ച നിയമമനുസരിച്ച് സർക്കാർ സ്ഥാപനങ്ങൾ, ജുഡീഷ്യൽ സംവിധാനങ്ങൾ, ഗവൺമെന്റിതര സ്ഥാപനങ്ങൾ എന്നിവയെല്ലാം ഉപഭോക്താക്കൾക്ക് ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കണം.
നൽകുന്ന ഡിജിറ്റൽ സേവനങ്ങൾ ഉപഭോക്തൃ സൗഹൃദവും നിശ്ചയദാർഢ്യ വിഭാഗത്തിലെ ആളുകൾക്ക് അധിക ഫീസില്ലാതെ ലഭ്യമാകുന്നതുമായിരിക്കണമെന്നും നിയമം നിർദേശിക്കുന്നു.
ദുബൈ ഡിജിറ്റൽ അതോറിറ്റി മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചാണ് സ്ഥാപനങ്ങൾ ഡിജിറ്റൽ സേവനം നൽകേണ്ടത്. ഈ സേവനങ്ങൾ ഉപഭോക്തൃ സൗഹൃദമായിരിക്കണം. ഡിജിറ്റൽ സേവനങ്ങൾ അറബി, ഇംഗ്ലീഷ് ഭാഷകളിൽ ലഭ്യമാക്കണം.നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി സ്ഥാപനങ്ങൾ തങ്ങളുടെ ഡിജിറ്റൽ സേവനം സർക്കാർ സ്ഥാപനത്തിനോ സ്വകാര്യ സ്ഥാപനത്തിനോ പുറംജോലി കരാർ നൽകാമെന്നും നിയമം വ്യക്തമാക്കുന്നുണ്ട്.
എമിറേറ്റിലെ ഡിജിറ്റൽവത്കരണം ത്വരിതഗതിയിലാക്കുന്ന നടപടികളുടെ ഭാഗമായാണ് നിയമനിർമാണം നടത്തിയത്. ഒരു വർഷമാണ് സ്ഥാപനങ്ങൾക്ക് ഇത് നടപ്പാക്കുന്നതിന് സമയം അനുവദിച്ചിട്ടുള്ളത്. ദുബൈ കോടതികൾ, പബ്ലിക് പ്രോസിക്യൂഷൻ എന്നിവയടക്കം എല്ലാ സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. ഡിജിറ്റൽ ദുബൈ അതോറിറ്റിയുടെ ശിപാർശ അനുസരിച്ച് നിയമം നടപ്പാക്കുന്നതിന്റെ വിവിധഘട്ടങ്ങൾ സംബന്ധിച്ച് ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാൻ തീരുമാനമെടുക്കുമെന്നും അധികൃതർ അറിയിച്ചു. ദുബൈയിൽ നിലവിൽതന്നെ മിക്ക സേവനങ്ങളും ഡിജിറ്റൽവത്കരിച്ചിട്ടുണ്ട്. പുതിയ നിയമം നടപ്പാകുന്നതോടെ എല്ലാ മേഖലകളിലും ഓൺലൈൻ സേവനങ്ങൾ ലഭ്യമായിത്തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.