ദുബൈ: വ്രതവിശുദ്ധിയുടെ മാസം ആരംഭിച്ചതോടെ ദുബൈയുടെ പകലിനും രാവിനും പ്രത്യേക നിറമാണ്. ആത്മീയതയുടെയും പരസ്പരം പങ്കുവെക്കലിന്റെയും ആവേശം എങ്ങും നിറഞ്ഞുനിൽക്കുന്നു. കെട്ടിടങ്ങളിലും വീടുകളിലും ഷോപ്പിങ് സെൻററുകളിലും സ്ഥാപിച്ച അലങ്കാര വിളക്കുകൾ ദുബൈയുടെ ഓരോ കോണിലും നിറഞ്ഞുനിൽക്കുന്ന റമദാൻ ആഘോഷത്തെ പ്രകടമാക്കുന്നുണ്ട്. പോകുന്നിടത്തെല്ലാം സന്തോഷത്തിന്റെ തിളക്കമാണിപ്പോൾ. മിനാരങ്ങളും താഴികക്കുടങ്ങളും പള്ളികളുടെ മുൻഭാഗങ്ങളും ഗംഭീരമായി പ്രകാശിക്കുന്നു.
റമദാനിനെ സ്വാഗതം ചെയ്ത് ദുബൈയിൽ ആരംഭിച്ച ‘റമദാൻ ഇൻ ദുബൈ’ കാമ്പയിനിന്റെ ഭാഗമായി നിരവധി പരിപാടികളും സംരംഭങ്ങളുമാണ് എമിറേറ്റിലുടനീളം ഒരുക്കിയിട്ടുള്ളത്. റമദാന്റെ അന്തരീക്ഷം നിറക്കുന്നതിന്റെ ഭാഗമായാണ് കാമ്പയിൻ ആരംഭിച്ചത്. ദുബൈ രണ്ടാം ഉപഭരണാധികാരിയും ദുബൈ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. യു.എ.ഇയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പാരമ്പര്യവും പങ്കുവെക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായാണ് കാമ്പയിന് രൂപംനൽകിയത്. പൊതു, സ്വകാര്യ സംവിധാനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തുന്ന കാമ്പയിൻ റമദാൻ അനുഭവങ്ങൾ അവിസ്മരണീയമാക്കുന്നതാണ്.
കാമ്പയിനിന്റെ ഭാഗമായി താമസക്കാർക്കും വിനോദസഞ്ചാരികൾക്കും റമദാനിനെ അറിയാനും മനസിലാക്കാനുമുള്ള അവസരവും ഒരുങ്ങുന്നു. ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ), ദുബൈ സാമ്പത്തിക വിനോദസഞ്ചാര വകുപ്പ്, ഇമാർ, ദുബൈ മുനിസിപ്പാലിറ്റി, മാജിദ് അൽ ഫുത്തൈം ഗ്രൂപ്പ്, സാമൂഹിക വികസന വകുപ്പ്, ദുബൈ ഹോൾഡിങ്, നഖീൽ, ദുബൈ പൊലീസ്, ഗ്ലോബൽ വില്ലേജ് തുടങ്ങിയവയെല്ലാം കാമ്പയിനിന്റെ ഭാഗമാകുന്നുണ്ട്.
എമിറേറ്റിലെ ഇസ്ലാമികകാര്യ വകുപ്പും സാമൂഹിക വികസന വകുപ്പും എക്സ്പോ സിറ്റി ദുബൈയിൽ സംഘടിപ്പിച്ച ‘ദുബൈ ഇഫ്താർ’ ഇത്തവണയും ഏറെ ശ്രദ്ധിക്കപ്പെട്ടു. വിവിധ മത വിശ്വാസികൾ ഒന്നിച്ചിരുന്ന സംഗമം സഹിഷ്ണുതയുടെയും സൗഹാർദത്തിന്റെയും വേദിയായി. മത നേതാക്കൾ, പണ്ഡിതൻമാർ, ഉദേയാഗസ്ഥർ, വ്യത്യസ്ഥ കൂട്ടായ്മകളിലെയും സ്ഥാപനങ്ങളിലെയും പ്രമുഖർ, വിവിധ നയതന്ത്ര കാര്യാലയങ്ങളുടെ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ‘റമദാൻ ഇൻ ദുബൈ’ കാമ്പയിനിന്റെ ഭാഗമായാണ് ഇഫ്താർ സംഗമം ഒരുക്കിയത്. റമദാൻ മാസത്തിൽ ദുബൈ സന്ദർശിക്കുന്ന വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.എഫ്.എ) സന്ദർശകരുടെ പാസ്പോർട്ടുകളിൽ ബ്രാൻഡ് ദുബൈ രൂപകൽപ്പന ചെയ്ത റമദാൻ ഇൻ ദുബൈ ലോഗോയുള്ള പ്രത്യേക സ്റ്റാമ്പ് പതിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെല്ലാം പുറമെ പരസ്പരം നോമ്പുതുറ വിഭവങ്ങൾ പങ്കുവെച്ചും ഇഫ്താറുകൾ ഒരുക്കിയും റമദാനിൽ അലിഞ്ഞുചേരുകയാണ് ദുബൈ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.