ജനുവരിയിലെ യാത്രക്കാരുടെ എണ്ണമനുസരിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്
ദുബൈ: പുതുവർഷത്തിന്റെ തുടക്കത്തിൽ ശ്രദ്ധേയമായ നേട്ടത്തോടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം. ജനുവരി മാസത്തിലെ കണക്കുപ്രകാരം ലോകത്ത് ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബൈ തെരഞ്ഞെടുക്കപ്പെട്ടു. വ്യോമയാന കൺസൽട്ടൻസി സ്ഥാപനമായ ഒ.എ.ജി പുറത്തുവിട്ട റിപ്പോർട്ടിലാണ് 50 ലക്ഷം സീറ്റുകളുമായി ദുബൈ വിമാനത്താവളം മുന്നിട്ടുനിൽക്കുന്നത്. അമേരിക്കയിലെ അത്ലാന്റ വിമാനത്താവളത്തെ മറികടന്നാണ് നേട്ടം കരസ്ഥമാക്കിയത്. അത്ലാന്റ വിമാനത്താവളത്തിൽ 47 ലക്ഷം സീറ്റുകളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസത്തേക്കാൾ ഇവിടെ എട്ടു ശതമാനം യാത്രക്കാരുടെ കുറവാണുണ്ടായത്.കഴിഞ്ഞ വർഷം ജനുവരിയിൽ ദുബൈ ലോകത്തെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളമായിരുന്നു. കോവിഡ് മഹാമാരിക്കുമുമ്പ് 2019 ജനുവരിയിൽ ലോകത്ത് മൂന്നാം സ്ഥാനത്തായിരുന്നു. ഓരോ വർഷവും യാത്രക്കാരുടെ എണ്ണം വർധിച്ചാണ് ദുബൈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ഒ.എ.ജി റിപ്പോർട്ടുപ്രകാരം 2023ൽ ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളവും ദുബൈതന്നെയാണ്.
5.65 കോടി സീറ്റുകളാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. 2022ലും 2019ലും സമാനമായ രീതിയിൽ ഒന്നാം സ്ഥാനത്തായിരുന്നു ദുബൈ വിമാനത്താവളം. 2022ൽ 5.39 കോടി സീറ്റുകളുണ്ടായിരുന്നത് കഴിഞ്ഞ വർഷം വർധിക്കുകയും ചെയ്തു.തിരക്കേറിയ ആഗോള വിമാനത്താവളങ്ങൾ തെരഞ്ഞെടുക്കുന്നത് ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കുള്ള ആകെ സീറ്റുകളുടെ അടിസ്ഥാനത്തിലാണ്.
എന്നാൽ, തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം തെരഞ്ഞെടുക്കുന്നത് അന്താരാഷ്ട്ര സീറ്റുകളുടെ മാത്രം അടിസ്ഥാനത്തിലുമാണ്. ജനുവരിയിലെ ഏറ്റവും തിരക്കേറിയ ആഗോള വിമാനത്താവളങ്ങളിൽ ടോക്യോ (ജപ്പാൻ), ഗ്വാങ്ചോ (ചൈന), ലണ്ടൻ ഹീത്രൂ (യു.കെ), ഡാളസ്/ഫോർട്ട് വേർത്ത് (യു.എസ്), ഷാങ്ഹായ് പുഡോങ് (ചൈന), ഡെൻവർ (യു.എസ്), ഇസ്തംബൂൾ(തുർക്കിയ), ബെയ്ജിങ് (ചൈന) എന്നിവയും സ്ഥാനം പിടിച്ചു. തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയിൽ ദുബൈക്കുശേഷം ലണ്ടൻ ഹീത്രൂ (യു.കെ), സിയോൾ (ദക്ഷിണ കൊറിയ), സിംഗപ്പൂർ, ഇസ്തംബൂൾ (തുർക്കിയ), ആംസ്റ്റർഡാം, ഹോങ്കോങ്, ദോഹ (ഖത്തർ) തുടങ്ങിയവ ഇടംപിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.