ദുബൈ: രാജ്യത്ത് 47 സ്ഥാപനങ്ങൾ ഉച്ചവിശ്രമ നിയമം ലംഘിച്ചതായി കണ്ടെത്തിയെന്ന് തൊഴിൽ മന്ത്രാലയം. നിയമം പ്രാബല്യത്തിൽ വന്ന ജൂൺ 15നും ജൂലൈ അവസാനത്തിനും ഇടയിൽ നടത്തിയ പരിശോധനയിലാണ് ഈ സ്ഥാപനങ്ങൾ തൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. നിയമം ലംഘിച്ച സ്ഥാപനങ്ങൾ ഒരു തൊഴിലാളിക്ക് 5000 ദിർഹം വീതം പരമാവധി 50,000 ദിർഹം വരെ പിഴ അടക്കേണ്ടിവരും.
കഴിഞ്ഞ വർഷം 55,192 തവണ നടത്തിയ പരിശോധനയിൽ 99 ശതമാനം സ്ഥാപനങ്ങളും നിയമം പാലിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായി മാനവവിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ആറു മാസത്തിനിടെ ബോധവത്കരണത്തിനായി വിവിധ ലേബർ ക്യാമ്പുകളിൽ 17,000 സന്ദർശനങ്ങളും മന്ത്രാലയം നടത്തിയിരുന്നു. ഉച്ചവിശ്രമ നിയമത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി തൊഴിലാളികൾക്കിടയിൽ വിവിധ വർക്ഷോപ്പുകളും ബ്രോഷർ വിതരണവും നടത്തിയിരുന്നു.
രാജ്യത്ത് 40 ഡിഗ്രിക്കു മുകളിൽ താപനില ഉയരുന്ന സാഹചര്യത്തിലാണ് ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ മൂന്നു മാസക്കാലം ഉച്ചവിശ്രമം പ്രഖ്യാപിക്കുന്നത്.
പകൽ 12.30 മുതൽ വൈകീട്ട് മൂന്നുവരെ തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കണമെന്നാണ് നിയമം. 2004 മുതൽ രാജ്യത്ത് നിയമം നടപ്പാക്കിവരുന്നുണ്ട്. നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ 600590000 നമ്പറിലും മൊബൈൽ ആപ്പിലൂടെയും അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.