ഉമ്മുൽ ഖുവൈനിൽ നടന്ന

മറൈൻ ഫെസ്റ്റിവലിലെ പ്രദർശനത്തിൽനിന്ന്

ഓർമകളിലേക്ക്​ വിളിച്ച്​ മറൈൻ ഫെസ്റ്റ്​

പഴമയുടെ ഓർമകളിലേക്ക്​ മടക്കിവിളിച്ച്​ ഉമ്മുൽ ഖുവൈൻ മറൈൻ ഫെസ്റ്റിവൽ. കഴിഞ്ഞ ദശകങ്ങളില്‍ സ്വദേശികള്‍ക്കിടയിലെ പരമ്പരാഗത മത്സ്യബന്ധനത്തിന്‍റെ ഓര്‍മ്മകളിലേക്ക് ചെന്നെത്തിക്കുന്ന ചിത്രങ്ങള്‍ കൗതുകം ജനിപ്പിക്കുന്നതായിരുന്നു. പുതുതലമുറയ്ക്ക് പഴയ പരമ്പരാഗത രീതിയേ കുറിച്ച് മനസ്സിലാക്കാന്‍ ഉതകുന്ന വിധമായിരുന്നു കഴിഞ്ഞ ദിവസം സമാപിച്ച മറൈൻ ഫെസ്റ്റിവലിലെ ചിത്രപ്രദര്‍ശനം.

ആദ്യ കാലങ്ങളില്‍ മീന്‍ പിടിക്കാന്‍ ഉപയോഗിച്ച് വന്ന തോല്‍ നിര്‍മ്മിതികള്‍ ആധുനിക കാലത്തെ ഉപകരണങ്ങളോട് കിടപിടിക്കുന്നതാണ്. വെള്ളത്തിനടിയിലെ മണലിന്‍റെ ഘടന പരിശോധിക്കാനുള്ള മനുഷ്യ നിര്‍മ്മിത ഉപകരണവും പ്രദര്‍ശനത്തിലുണ്ടായിരുന്നു.

മുത്ത് ശേഖരത്തിന്‍റെയും വ്യാപാരത്തിന്‍റെയും വലിയ പങ്ക് പണ്ട് മുതൽ ഗള്‍ഫ് നാടുകളിലാണ് കണ്ട് വന്നിരുന്നത്. സാഹസികമായ ഈ വ്യാപാര മേഖലയുടെ പഴയ കാല ഓര്‍മ്മകളിലേക്ക് കൂടി വെളിച്ചം വീശുന്നതാണ് മറൈന്‍ ഫെസ്റ്റിവലില്‍ ഒരുക്കിയ പൈതൃക കൂടാരം. അൽ-തവാഷ, മുത്ത് വേർതിരിച്ചെടുക്കൽ അല്ലെങ്കിൽ മുത്ത് ഡൈവിംഗ് എന്നത് ഗൾഫ് രാജ്യങ്ങളില്‍ കണ്ട് വരുന്ന പരമ്പരാഗത തൊഴിലാണ്. കടലിന്‍റെ ആഴങ്ങളിൽ നിന്ന് മുത്തുകൾ വേർതിരിച്ചെടുക്കാൻ മത്സ്യബന്ധന സ്ഥലങ്ങളിലും ഡൈവിംഗ് കപ്പലുകൾക്കിടയിലും ഇവര്‍ ഊളിയിടുന്നു. ഇതിനെ മുത്ത് വേട്ടയുടെയും വേർതിരിച്ചെടുക്കലിന്‍റെയും തൊഴിൽ എന്നും വിളിക്കപ്പെടുന്നു.

ഇന്ന് അപൂര്‍വ്വമായി മാത്രം കണ്ട് വരുന്ന മരത്തടികളില്‍ തീര്‍ത്ത പഴയകാല ആഡംബര കപ്പലുകളുടെ ചിത്ര ശേഖരവും ഈ കൂടാരത്തിന്‍റെ ആകര്‍ഷണമാണ്​. കാണികള്‍ക്ക് ഏറെ കൗതുകമുണര്‍ത്തുന്നതും ചരിത്ര കുതുകികള്‍ക്ക് ആവേശവുമാണ് ഇവ. എട്ടിനം മരക്കപ്പലുകള്‍ പഴയ കാലങ്ങളില്‍ മരത്തടികളില്‍ അവര്‍ തീര്‍ത്തിരുന്നു എന്നത് കരകൗശല വിദ്യകളിലും പഴമക്കാര്‍ പുതുതലമുറയോട് കിടപിടിക്കുന്നവര്‍ തന്നെയായിരുന്നു എന്നതിന്‍റെ നേര്‍ സാക്ഷ്യമാണ്. ബൂം, കൂതിയ, ബഗ്​ല, ബതീല്‍, സന്‍ബൂക്, ജാല്‍ബൂത്, ശാഹൂഫ്, സംഅ തുടങ്ങിയവ ഇതില്‍ പ്രധാനം.

തടി കൊണ്ട് തീര്‍ത്ത ഒരിനം പരമ്പരാഗത കപ്പലാണ് സൻബൂക്ക്. ഇതിന് സവിശേഷതയുള്ള രൂപകല്പനയാണുള്ളത്. ഒരു വശത്തെ മൂർച്ചയുള്ള വളവ് ഈ കപ്പലി​ന്‍റെ പ്രത്യേകതയാണ്. സൻബൂക്കുകൾക്ക് അലങ്കരിച്ച കൊത്തുപണികളുണ്ടായിരുന്നു. നൗകയുടെ നിര്‍മ്മാണവും ആര്‍കിടെക്ടല്‍ ഘടനയും കൃത്യമായി വരച്ച് കാണിക്കുകയാണ് കൂടാരത്തിലെ ഒരു ഛായാ ചിത്രം. ആധുനിക കപ്പല്‍ നിര്‍മ്മിതികളോട് സാമ്യതകളേറെയുള്ളവയും കരുത്തുറ്റതുമാണ് പഴയമയിലെ പുതുമ.

മറൈന്‍ ഫെസ്റ്റിലെ പ്രവേശന കവാടത്തില്‍ ഒരുക്കിയ കൊച്ചു തോടും നാടന്‍ കൗതുക കാഴ്ചയായിരുന്നു. പകിട്ടാര്‍ന്ന പുല്‍തകിടിയിലൂടെ നടന്ന് നീങ്ങുമ്പോള്‍ ഒരു കൊച്ചു പാലം കടന്നാണ് ഉല്‍സവപ്പറമ്പിലെ മറുതീരത്തേക്ക് ആളുകള്‍ ചെന്നെത്തുന്നത്. മല്‍സ്യ ബന്ധന ഉപകരണങ്ങളുടേയും സഫാരിക്കായുള്ള കൊച്ചു ബോട്ടുകളുടേയും കലവറയാണ് മറ്റൊരു ആകര്‍ഷണം.

ചായ മക്കാനികള്‍ക്ക് സമം തീര്‍ത്ത സഞ്ചരിക്കുന്ന തട്ടുകടകള്‍ കാഴ്ചക്കാര്‍ക്ക് ഉന്മേഷം പകര്‍ന്നു. നാടന്‍ കാറ്റ് വീശിയടിക്കുന്ന തീരത്തെ ഉല്‍സവപ്പറമ്പ് ഗൃഹാതുരതയുടെ മുനമ്പായി മാറുകയായിരുന്നു. കിങ് ഫിഷ് മത്സ്യ ബന്ധന മല്‍സരത്തില്‍ 20ല്‍ അധികം തൂക്കം വരുന്ന കൂറ്റന്‍ മീനുകളെ ചൂണ്ടയിലാക്കിയാണ് വിജയികള്‍ മുന്നേറിയത്. ആഘോഷം കെങ്കേമമാക്കി മൂന്നാം പതിപ്പിന്‍റെ കാത്തിരിപ്പിനായി മടങ്ങിക്കഴിഞ്ഞു സ്വദേശികളും വിദേശികളുമായ മറൈന്‍ ഉല്‍സവപ്രേമികള്‍.

Tags:    
News Summary - dubai Marine Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.