ദുബൈ: ആശയവിനിമയ മേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന മെറ്റാവേഴ്സ് രംഗത്ത് ദുബൈ സർക്കാർ പുതിയ നയം പ്രഖ്യാപിച്ചതിന് പിന്നാലെ മെറ്റാവേഴ്സ് അസംബ്ലിക്കും വേദിയൊരുങ്ങുന്നു. സെപ്റ്റംബർ 28, 29 തീയതികളിൽ ഫ്യൂചർ മ്യൂസിയത്തിലാണ് ദുബൈ മെറ്റാവേഴ്സ് അസംബ്ലി നടക്കുന്നത്.
ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ആഗോളതലത്തിൽ മെറ്റാവേഴ്സ് സാങ്കേതികതയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 40 സ്ഥാപനങ്ങളും 300 വിദഗ്ധരും ദുബൈയിൽ ഒന്നുചേരും. 10ലധികം സെഷൻസും ശിൽപശാലകളും നടക്കും.
മെറ്റാവേഴ്സിന്റെ അനന്ത സാധ്യതകൾ മനുഷ്യസമൂഹത്തിന് ഗുണകരമാകുംവിധം എങ്ങിനെ വിനിയോഗിക്കാമെന്ന ചർച്ചകളാണ് മെറ്റാവേഴ്സ് അസംബ്ലിയിൽ നടക്കുക. മെറ്റാവേഴ്സിന്റെ ഭാവി സംബന്ധിച്ച ആഗോള ചർച്ചകളുടെ തുടക്കമായിരിക്കും ദുബൈയിൽ നടക്കുകയെന്ന് ശൈഖ് ഹംദാൻ ചൂണ്ടിക്കാട്ടി. 'മെറ്റാവേഴ്സ് രംഗത്ത് പുതുമ കണ്ടെത്താൻ ശ്രമിക്കുന്നവരെ ഒന്നിപ്പിക്കുന്ന ആഗോളവേദിയാണ് ദുബൈയിൽ ഒരുങ്ങുന്നത്.
ഈ സാങ്കേതിക വിദ്യയുടെ അനതിസാധാരണമായ സാധ്യതകൾ ദുബൈ അസംബ്ലിയിൽ പങ്കെടുക്കുന്നവർക്ക് അനുഭവിക്കാൻ കഴിയും. മെറ്റാവേഴ്സിന്റെ എല്ലാ സാധ്യതകളും പരീക്ഷിക്കുകയും ഗുണഫലങ്ങൾ അനുഭവിക്കുകയും ചെയ്യുന്ന ആദ്യ നഗരമായി ദുബൈയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം' -ശൈഖ് ഹംദാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.