ദുബൈ: ദുബൈ മെട്രോയുടെ 15ാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ 10,000 മെട്രോ നോൾ കാർഡുകൾ സൗജന്യമായി വിതരണം ചെയ്തു.ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈ (ജി.ഡി.ആർ.എഫ്.എ), റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) എന്നിവയുടെ സഹകരണത്തോടെ എയർപോർട്ട് ടെർമിനലുകൾ 1, 3 എന്നിവിടങ്ങളിലാണ് നോൾ കാർഡുകൾ വിതരണം ചെയ്തത്.
എയർപോർട്ട് യാത്രക്കാരുടെ പാസ്പോർട്ടുകളിൽ ദുബൈ മെട്രോയുടെ 15 വർഷം പൂർത്തിയാക്കിയ സ്മരണക്കായി പ്രത്യേക സ്റ്റാമ്പുകളും പതിച്ചുനൽകി. നഗര ഗതാഗത സംവിധാനത്തിന്റെ നട്ടെല്ലായി ദുബൈ മെട്രോ മാറിയെന്നും, ഈ സംരംഭം യാത്രക്കാരുടെ അനുഭവം വർധിപ്പിക്കുകയും ദുബൈയുടെ ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിന് സംഭാവന നൽകുകയും ചെയ്യുമെന്ന് അധികൃതർ വിശദീകരിച്ചു.
ദുബൈയുടെ ഭാവി അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്ന ആധുനിക ഗതാഗത മാർഗം വാഗ്ദാനം ചെയ്യുന്നതോടൊപ്പം താമസക്കാർക്കും സന്ദർശകർക്കും മികച്ച അനുഭവങ്ങളാണ് നൽകുന്നതെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ ഡയറക്ടർ ജനറൽ, ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 15 വർഷങ്ങളായി ലക്ഷക്കണക്കിന് യാത്രക്കാരെ ദിനംപ്രതി സേവിച്ചും എമിറേറ്റിലെ വിവിധ പ്രദേശങ്ങളിലേക്ക് അവരെ ബന്ധിപ്പിച്ചും സുസ്ഥിരമായ ഭാവിയിലേക്കുള്ള ദുബൈയുടെ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിലും ഗതാഗതം സുഗമമാക്കുന്നതിലും ഒരു പ്രധാന ഘടകമായി മാറിയിരിക്കുന്നുവെന്ന് ജി.ഡി.ആർ.എഫ്.എ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.