ദുബൈ: മലിനജല സംസ്കരണം, മഴവെള്ള ശുദ്ധീകരണം, ജലത്തിന്റെ പുനരുപയോഗം എന്നിവയെ കുറിച്ച് ഫലപ്രദമായി പഠനം നടത്താൻ ദുബൈ മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥ സംഘം ജപ്പാൻ സന്ദർശിച്ചു. ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ സാങ്കേതിക വിദ്യകൾ കണ്ടറിയാൻ ജപ്പാനിലെത്തിയത്. അതിനൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മാലിന്യങ്ങളുടെ തരം തിരിക്കൽ, പുനരുപയോഗം, മാലിന്യത്തെ ഊർജമാക്കി മാറ്റൽ എന്നിവയെ കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞ സംഘം വിവിധ സംരംഭങ്ങളും ഫാക്ടറികളും സന്ദർശിച്ചു.
പ്രധാനപ്പെട്ട പുനരുപയോഗ പദ്ധതികളിലും നയങ്ങളിലും വ്യാപരിച്ച് കിടക്കുന്ന പ്രദർശനങ്ങളിലൂടെ മാലിന്യ സംസ്കരണവും നിയന്ത്രണവും സംബന്ധിച്ച് ജപ്പാനിലെ വിദഗ്ധർ സംഘത്തിന് വിവരിച്ചു നൽകി. ലോകത്തെ അനവധി സംഘടനകളുമായി ചേർന്ന് നൂതനമായ അറിവുകൾ കൈമാറ്റം ചെയ്യുന്നതിൽ മുനിസിപ്പാലിറ്റിയുടെ ആത്മാർഥതയാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്ന് ദാവൂദ് അൽ ഹജ്രി പറഞ്ഞു. മാലിന്യ സംസ്കരണം ഉൾപ്പെടെ പ്രധാന മേഖലകളിൽ ഏറ്റവും മികച്ച ഉപകരണങ്ങളും രീതികളും ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് മനസ്സിലാക്കുകയെന്നതായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.