ദുബൈ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ശുചീകരണ പരിപാടിയിൽ മരുഭൂവിൽനിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്ന ജീവനക്കാരൻ

മരുഭൂമിയെ മാലിന്യരഹിതമാക്കാൻ ദുബൈ മുനിസിപ്പാലിറ്റി

ദുബൈ: നിരന്നുകിടക്കുന്ന മരുഭൂവിൽ മണലിനൊപ്പം അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കാനുള്ള ബൃഹത്പദ്ധതി ദുബൈ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.100ൽപരം തൊഴിലാളികൾ, 33 കൺട്രോൾ യൂനിറ്റുകൾ, സൂപ്പർവൈസറി സ്​റ്റാഫുകൾ, ആറ് ഡെസേർട്ട് ബൈക്കുകൾ എന്നിവ ഉൾപ്പെടുന്ന പ്രത്യേക ടീമിനെയാണ് ഏപ്രിൽ അവസാനം വരെ മരുപ്രദേശങ്ങൾ വൃത്തിയാക്കാൻ സജ്ജീകരിച്ചത്​. മാലിന്യങ്ങൾ ശേഖരിക്കാനും കൊണ്ടുപോകാനും 24ഓളം സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.

അൽ ഖുദ്ര സ്ട്രീറ്റ്, അൽ റുവയ്യ 3, അൽ വാർസൻ 2, 3 എന്നിവയും ഹത്തയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ, അൽ ഖുദ്ര തടാകങ്ങൾ, ലവ് തടാകങ്ങൾ, അൽ അവീറിലെ പ്രതിരോധ ക്യാമ്പിന്​ പിന്നിലുള്ള പ്രദേശങ്ങൾ എന്നിവ പ്രത്യേക സംഘം ശുചീകരിക്കും. ട്രിപളി സ്ട്രീറ്റ്, വാദി അൽ അമർദി, വാദി അൽ ഷബക്, എമിറേറ്റ്സ് റോഡ്, അൽ ഖവാനീജിലെ അമ്മാൻ സ്ട്രീറ്റ്, അൽ തയ് എന്നിവയും തൊഴിലാളികൾ വൃത്തിയാക്കും.

ശൈത്യകാലത്ത് സന്ദർശകരുടെയും കാൽനടയാത്രക്കാരുടെയും എണ്ണം വർധിച്ചതിന് മറുപടിയായി തൊഴിലാളികൾക്ക് ബാർബിക്യൂവിൽനിന്ന് മാലിന്യം ശേഖരിക്കാനും സംഭരിക്കാനുമുള്ള ഉപകരണങ്ങൾ നൽകുമെന്ന് മുനിസിപ്പാലിറ്റിയിലെ മാലിന്യ നിർമാർജന ഡയറക്ടർ അബ്​ദുൽമജീദ് സെയ്ഫായ് പറഞ്ഞു. 'ഒക്ടോബർ ആദ്യം തന്നെ വർക്ക് പ്ലാൻ ആരംഭിച്ചു. നവംബർ പകുതി വരെ ഏകദേശം 130 ടൺ മാലിന്യങ്ങൾ ഈ സൈറ്റുകളിൽ നിന്ന് ശേഖരിക്കാനും നീക്കാനും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു.

മരുഭൂമി സൈറ്റുകൾ ഉപയോഗിക്കുന്ന സന്ദർശകർക്ക് പ്രദേശം വൃത്തിഹീനമല്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തമുണ്ടെന്ന് സൈഫായ് പറഞ്ഞു. മാലിന്യ നിർമാർജനത്തിനും ബാർബിക്യൂ അവശിഷ്​ടങ്ങൾക്കുമുള്ള സംഭരണ ​​സൗകര്യങ്ങൾ തന്നെ ഉപയോഗിക്കണം. മാത്രമല്ല മണലിൽ നേരിട്ട് തീയിടരുത്, അതിനായി തയാറാക്കിയ പ്രത്യേക അടുപ്പ് തന്നെ ഉപയോഗിക്കണം -അദ്ദേഹം പറഞ്ഞു. മാലിന്യങ്ങൾ എങ്ങനെ സുരക്ഷിതമായി നീക്കാമെന്ന് യു.എ.ഇ നിവാസികളെ ബോധവത്കരിക്കാൻ ഓൺലൈൻ കാമ്പയിനും തുടക്കം കുറിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.