ദുബൈ: താമസസ്ഥലങ്ങളിലെ പൂന്തോട്ടത്തിന് സമ്മാനവുമായി ദുബൈ മുനിസിപ്പാലിറ്റി. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് ലക്ഷം ദിർഹമാണ് സമ്മാനമായി നൽകുന്നത്. താമസക്കാർക്കിടയിൽ പൂന്തോട്ട പരിപാലനം പ്രോത്സാഹിപ്പിക്കുന്നതിനും ഔട്ട്ഡോർ സ്ഥലങ്ങൾ സുസ്ഥിരമായി ഉപയോഗിക്കാൻ പ്രാപ്തരാക്കുന്നതിനും ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒന്നാം സ്ഥാനം നേടുന്നവർക്ക് 50,000 ദിർഹം സമ്മാനം നൽകും. രണ്ടാമതെത്തുന്നവർക്ക് 30,000, മൂന്നാം സ്ഥാനക്കാർക്ക് 20,000 ദിർഹം എന്നിങ്ങനെയാണ് സമ്മാനങ്ങൾ.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫെബ്രുവരി 28 വരെ രജിസ്റ്റർ ചെയ്യാം. ഇതിനുശേഷം അധികൃതർ നിർദേശിക്കുന്ന നിശ്ചിത ദിവസത്തിനുള്ളിൽ പൂന്തോട്ടം പൂർത്തിയാക്കണം. ഏപ്രിലിലാണ് വിജയികളെ പ്രഖ്യാപിക്കുന്നത്.
മത്സരാർഥികൾ അറിയാൻ
• താമസസ്ഥലത്തിന്റെ ഉടമയോ വാടകക്കാരനോ ദുബൈ റസിഡന്റായിരിക്കണം
• വീടിനുമുന്നിലെ പൂന്തോട്ടത്തിന് ആർ.ടി.എയിൽനിന്ന് എൻ.ഒ.സി വാങ്ങണം
• ജൂറി അംഗങ്ങൾക്ക് പൂന്തോട്ടങ്ങൾ സന്ദർശിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും സമ്മതം നൽകണം
• സമൂഹ മാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും ഈ ചിത്രങ്ങൾ ഉപയോഗിക്കാൻ സമ്മതം നൽകണം
• ഫെബ്രുവരി 28നുമുമ്പ് ദുബൈ മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം (www.dm.gov.ae)
• ക്രിയാത്മകമായ ആശയങ്ങൾ, നൂതന സാങ്കേതിക വിദ്യകളുടെയും പരമ്പരാഗതമല്ലാത്ത ശാസ്ത്രീയ രീതികളുടെയും ഉപയോഗം എന്നിവ വിധി നിർണയത്തിൽ പരിഗണിക്കും
• പൂന്തോട്ടത്തിന്റെ രൂപകൽപന, രാത്രി വെളിച്ചം എന്നിവ പ്രധാനം
• സർവിസ് ലൈനുകളെയും കാൽനട ഗതാഗതത്തെയും ബാധിക്കാത്ത രീതിയിലുള്ള സുസ്ഥിര ജലസേചന സംവിധാനം
• ജലത്തിന്റെയും പുനരുപയോഗ ഊർജത്തിന്റെയും ഉപയോഗത്തിലൂടെ പരിസ്ഥിതിയെ എങ്ങനെ സംരക്ഷിക്കുന്നുവെന്നത് വിലയിരുത്തും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.