ദുബൈ: യു.എ.ഇയിലെ മൊത്തവിപണിയെ കൈപിടിച്ചുയർത്താനും അതുവഴി രാജ്യത്തെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനും വിവിധ പദ്ധതികളുമായി ദുബൈ ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പും ദുബൈ ഫെസ്റ്റിവൽ ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെൻറും കൈകോർകുന്നു. രാജ്യത്തെ മൊത്തവ്യാപാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്വകാര്യ-സർക്കാർ സംരംഭങ്ങളെ സമന്വയിപ്പിച്ചാണ് പദ്ധതി തയാറാക്കുന്നതെന്ന് അധികൃതർ വിർച്വൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ദുബൈ സമ്മർ സർപ്രൈസ് (ഡി.എസ്.എസ്) വഴി ഉപഭോക്താക്കളെ ആകർഷിക്കാനും സമ്മാനപ്പെരുമഴയൊരുക്കാനുമാണ് പദ്ധതി. ഈ പ്രതിസന്ധി കാലത്തും യു.എ.ഇയിലെ മൊത്തവ്യാപാര വിപണിക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞതായി അവർ വിലയിരുത്തി. ഈ വർഷത്തെ ഡി.എസ്.എസ് തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെൻറ് (ഡി.എഫ്.ആർ.ഇ) സി.ഇ.ഒ അഹ്മദ് അൽ ഖാജാ പറഞ്ഞു. വെല്ലുവിളികളെ അതിജീവിച്ച് ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുക എന്ന വലിയൊരു ലക്ഷ്യം നമ്മുടെ മുന്നിലുണ്ട്.
ബിസിനസ് പ്രൊമോഷൻ എന്നതിലുപരിയായ ഉത്തരവാദിത്വങ്ങളുണ്ട്. നഗരത്തെ പഴയ നിലയിലെത്തിക്കാനും ഷോപ്പിങ് മാളുകൾ സജീവമാക്കാനും നമുക്ക് കഴിയണം. ഡി.എസ്.എസിന് പുറമെ ബാക്ക് ടു സ്കൂൾ, ദുബൈ ഹോം ഫെസ്റ്റിവൽ, ദുബൈ ഫിറ്റ്നസ് ചാലഞ്ച് എന്നിവയും ഈ വർഷം സംഘടിപ്പിക്കും. ഡിജിറ്റൽ എക്കേണാമിയിലും സ്മാർട്ട് സംവിധാനത്തിലും യു.എ.ഇ നടപ്പാക്കിയ പദ്ധതികൾ ഉയിർത്തെഴുന്നേൽപിന് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ തരം ഷോപ്പിങ്ങാണ് ലക്ഷ്യമിടുന്നതെന്ന് ദുബൈ ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ് ചെയർമാൻ തൗഹീദ് അബ്ദുല്ല പറഞ്ഞു. വിപണികൾ തുറന്ന ശേഷം വ്യാപാരം വർധിച്ചിട്ടുണ്ട്. ജൂൺ, ജൂലൈ മാസങ്ങളിൽ പോസിറ്റിവായ പ്രതികരണമാണ് ലഭിച്ചുെകാണ്ടിരിക്കുന്നത്. വിനോദ സഞ്ചാരികൾ കൂടുതലായെത്തുന്നതോടെ വിപണി കൂടുതൽ ഉണരും. വില വ്യത്യാസപ്പെടുന്നുണ്ടെങ്കിലും സ്വർണം ഇപ്പോഴും സുരക്ഷിത നിക്ഷേപമാണ്. ലോകത്തിെൻറ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് പത്ത് ശതമാനം വിലക്കുറവ് യു.എ.ഇയിൽ ഉണ്ട്. അടുത്ത ദിവസങ്ങളിൽ വില കൂടിയേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഡി.ജി.ജെ.ജി ചെയർപേഴ്സൻ ലൈല സുഹൈലും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.