ദുബൈ: കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ മാത്രം ദുബൈ പൊലീസ് 597 കൊടും കുറ്റവാളികളെ പിടികൂടി. 101 രാജ്യങ്ങളിൽനിന്നുള്ള അന്താരാഷ്ട്ര തലത്തിൽതന്നെ പിടികിട്ടാപ്പുള്ളികളായവരാണ് ഇവരെന്നും കമാൻഡർ ഇൻ ചീഫ് ലെഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി അറിയിച്ചു. ദുബൈ പൊലീസ് വേൾഡ് ട്രേഡ് സെന്ററിൽ സംഘടിപ്പിച്ച മൂന്ന് ദിവസം നീളുന്ന ദുബൈ വേൾഡ് പൊലീസ് ഉച്ചകോടിയുടെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടന വേദിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദുബൈ പൊലീസിന്റെ അന്താരാഷ്ട്ര തലത്തിലെ സഹകരണത്തെ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ളപ്പണം വെളുപ്പിക്കൽ, മയക്കുമരുന്ന് കടത്ത്, മറ്റു സംഘടിത കുറ്റകൃത്യങ്ങൾ എന്നിവയുൾപ്പെടെ വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ് പിടിയിലായത്. ഇവരിൽ വിവിധ രാജ്യങ്ങളിൽ വ്യാജരേഖ ചമക്കൽ, മോഷണം, ആസൂത്രിത കൊലപാതകം, കവർച്ച, ജ്വല്ലറി കൊള്ള, മോഷണശ്രമം തുടങ്ങിയ വിവിധ ക്രിമിനൽ കുറ്റങ്ങൾ ചുമത്തപ്പെട്ട 85 പ്രതികളെ അതത് നാടുകളിലേക്ക് തിരിച്ചയക്കുകയും ചെയ്തു. അന്താരാഷ്ട്ര ഏജൻസികളുമായുള്ള സഹകരണത്തിന്റെ ഭാഗമായി, ദുബൈ പൊലീസ് 195 രാജ്യങ്ങളിലെ ഗവർമെന്റുകൾക്കും 60 നിയമ നിർവ്വഹണ ഏജൻസികൾക്കും സംഘടനകൾക്കും 9,012 ഇന്റലിജൻസ് വിവരങ്ങൾ കൈമാറിയിട്ടുമുണ്ട്.
2022ലെ ഡെസേർട്ട് ലൈറ്റ് ഓപ്പറേഷൻ, 2021ലെ ദി ഗോസ്റ്റ് ഓപ്പറേഷൻ, 2020ലെ മിൽസ്ട്രീം, ലോസ് ബ്ലാങ്കോസ് ഓപറേഷൻസ് എന്നിവയാണ് അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് നടത്തിയ പ്രധാന നീക്കങ്ങൾ. ഇവയിലൂടെ കൊടും ക്രിമിനലുകളെ പിടിക്കാൻ സാധിച്ചതായി ഖലീഫ അൽ മർറി കൂട്ടിച്ചേർത്തു. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട അന്താരാഷ്ട്ര കുറ്റവാളികളിൽ നിന്ന് 51.79 കോടി ദിർഹം പൊലീസ് പിടിച്ചെടുത്തിട്ടുമുണ്ട്. കഴിഞ്ഞ മാസം കാനഡയിലേക്ക് കപ്പലിൽ കടത്തുകയായിരുന്ന ഏകദേശം 2500 കിലോ ഗ്രാം വരുന്ന കറുപ്പ് ദുബൈ പൊലീസ് നൽകിയ വിവരം പിന്തുടർന്ന് പിടികൂടിയിരുന്നു. 19 ഷിപ്പിങ് കണ്ടെയ്നറുകളിലായി ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കടത്തുന്നതായ വിവരമാണ് ദുബൈ പൊലീസ് കൈമാറിയത്. അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന വിവിധ മാഫിയകളെയും കുറ്റവാളികളെയും സ്ഥിരമായി പിന്തുടർന്ന് പിടികൂടുന്നതിൽ മുമ്പും യു.എ.ഇയിലെ പൊലീസ് സേനകൾ ശ്രദ്ധേയമായ സംഭാവനകളർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.