ദുബൈ: ദേശീയദിനാഘോഷദിവസങ്ങളിൽ പൊലീസ് മുന്നറിയിപ്പ് ലംഘിച്ച് നിയമലംഘനം നടത്തിയ 4697 ഡ്രൈവർമാർക്ക് പിഴയിട്ടു. ഗുരുതര നിയമലംഘനങ്ങൾ വരുത്തിയ 132 വാഹനങ്ങൾ പിടിച്ചെടുത്തതായും ദുബൈ പൊലീസ് അറിയിച്ചു. പൊതുശല്യം സൃഷ്ടിക്കുക, വാഹനങ്ങൾ മോഡിഫൈ ചെയ്യുക, അനുമതിയില്ലാതെ സ്റ്റിക്കറുകൾ പതിക്കുക, കാറുകളിൽനിന്ന് വലിച്ചെറിയുക, അപകടകരമായ രീതിയിൽ വാഹനമോടിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്. പിടിക്കപ്പെട്ട ഡ്രൈവർമാർക്ക് പിഴക്കു പുറമെ ബ്ലാക്ക് പോയൻറും ചുമത്തിയിട്ടുണ്ട്. മൂന്നു ദിവസത്തിനിടയിലാണ് ഇത്രയും പേർക്ക് പിഴ ചുമത്തിയത്.
ബർദുബൈയിലാണ് 72 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തത്. 60 വാഹനങ്ങൾ ദേരയിലും പിടികൂടി. ബർദുബൈ മേഖലയിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയതെന്ന് ട്രാഫിക് വിഭാഗം ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലിം ബിൻ സുവൈദാൻ പറഞ്ഞു. ദേശീയദിനാഘോഷ ദിവസങ്ങളിൽ ട്രാഫിക് ജാമുകൾ ഒഴിവാക്കാനും അപകടകരമായ ഡ്രൈവിങ് നിയന്ത്രിക്കാനും റോഡ് സുരക്ഷ ഉറപ്പു വരുത്താനുമായി എമിറേറ്റിലെ പ്രധാന ഭാഗങ്ങളിലും ഉൾസ്ഥലങ്ങളിലും പട്രോളിങ് സജീവമാക്കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വർഷം ദേശീയദിനാഘോഷ ദിവസങ്ങളിൽ ട്രാഫിക് സാഹചര്യം മുൻ വർഷങ്ങളിലേതിനേക്കാൾ മെച്ചപ്പെട്ടതായും റോഡ് ഉപഭോക്താക്കൾ പൊലീസുമായി നല്ല രീതിയിൽ സഹകരിച്ചതായും അധികൃതർ വ്യക്തമാക്കി.
യു.എ.ഇ ദേശീയദിന അവധിദിനങ്ങളിൽ വാഹനങ്ങൾ അലങ്കരിക്കുന്നവർക്കും വാഹനവുമായി പുറത്തിറങ്ങുന്നവർക്കും പൊലീസ് പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. വാഹനങ്ങളുടെ രൂപം മാറുന്ന രീതിയിലുള്ള ആഘോഷങ്ങൾ അരുതെന്നും ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും മറ്റുള്ളവരുടെ ജീവന് അപകടം വരുത്തുന്ന രീതിയിൽ വാഹനം ഓടിക്കരുതെന്നും അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. റോഡിൽ 'സ്റ്റണ്ടിങ്' അനുവദിക്കില്ലെന്നും മുന്നിലെയും പിന്നിലെയും നമ്പർ പ്ലേറ്റ് മറക്കുന്ന രീതിയിൽ വാഹനം അലങ്കരിച്ചാൽ നടപടിയുണ്ടാകുമെന്നും വാഹനത്തിന്റെ നിറം മാറ്റുന്ന രീതിയിൽ മാറ്റം വരുത്തരുതെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.