ദുബൈ: എമിറേറ്റിലെ പുതുവത്സര ആഘോഷങ്ങളുടെ സുരക്ഷ മുന്നൊരുക്കങ്ങൾ വിലയിരുത്തി ദുബൈ പൊലീസ്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ഷോപ്പിങ് മാളുകൾ, പ്രധാന റസിഡൻഷ്യൽ കമ്യൂണിറ്റി മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ദുബൈ പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫേഴ്സ് അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ എക്സ്പേർട്ട് ഖലീൽ ഇബ്രാഹിം അൽ മൻസൂരി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
പ്രധാന ഇവന്റുകളും വെടിക്കെട്ടുകളും നടക്കുന്ന വേദികളുടെയും സ്ഥലങ്ങളുടെയും സുരക്ഷ സംബന്ധിച്ച വിഷയങ്ങളാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്തത്. സുരക്ഷ ക്രമീകരണങ്ങൾ, ഓപറേഷൻ പ്രോട്ടോകോൾ, വിവിധ റസിഡൻഷ്യൽ കമ്യൂണിറ്റികളിൽ സ്ഥാപിച്ചിട്ടുള്ള കമ്യൂണിക്കേഷൻ സെന്ററുകളുടെ പ്രവർത്തനങ്ങൾ എന്നിവയും യോഗത്തിൽ വിലയിരുത്തി.
പുതുവത്സരത്തോടനുബന്ധിച്ച് ദുബൈയിലുട നീളം നടക്കുന്ന ഇവന്റുകളിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സംയുക്ത സുരക്ഷ പദ്ധതികളും യോഗത്തിൽ അവതരിപ്പിച്ചിരുന്നു. ദുബൈയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് പുതുവത്സര ആഘോഷങ്ങളെന്ന് മേജർ ജനറൽ അൽ മൻസൂരി പറഞ്ഞു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും വൻ ജനക്കൂട്ടം തന്നെ ദുബൈയിൽ ഒരുമിച്ച് കൂടും. ഈ സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ പൊലീസ് പ്രതിജ്ഞാബദ്ധമാണെന്നും തടസ്സമില്ലാതെ ആഘോഷങ്ങൾ നടക്കുമെന്ന് ഉറപ്പുവരുത്താനുള്ള എല്ലാവിധ സുരക്ഷ ക്രമീകരണങ്ങളും ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.