ദുബൈ: തടവുകാരുടെ കുടുംബങ്ങൾക്ക് സംരക്ഷണവും സഹായവും നൽകുന്ന പതിവ് തെറ്റിക്കാതെ ദുബൈ പൊലീസ്. നൂറുകണക്കിന് തടവുകാരുടെ കുടുംബങ്ങൾക്ക് താമസ സ്ഥലങ്ങളുടെ വാടകയും മക്കളുടെ സ്കൂൾ ഫീസും ബന്ധുക്കളുടെ ചികിത്സ ചെലവുകളും നൽകിയതായി അധികൃതർ വ്യക്തമാക്കി. സേനയുടെ ഹ്യുമാനിറ്റേറിയൻ കെയർ വകുപ്പാണ് കഴിഞ്ഞ വർഷം മാത്രം തടവുകാർക്ക് 1.1കോടി ദിർഹമിന്റെ സാമ്പത്തിക സഹായം നൽകിയത്. ജീവകാരുണ്യ സംഘടനകളും കൂട്ടായ്മകളുമായി സഹകരിച്ചാണ് തടവുകാർക്കും അവരുടെ കുടുംബങ്ങൾക്കും സഹായം നൽകിയതെന്ന് വകുപ്പ് തലവൻ ക്യാപ്റ്റൻ ഹബീബ് അൽ സറൂനി പറഞ്ഞു. ഈ സഹായങ്ങൾ വഴി തടവുകാരുടെ കുടുംബങ്ങളുടെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെന്നും മാനസികനിലയിലും കാഴ്ചപ്പാടുകളിലും മാറ്റമുണ്ടായിട്ടുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
പ്രയാസപ്പെടുന്ന കുടുംബങ്ങളെ കണ്ടെത്തിയാണ് സഹായമെത്തിച്ചിട്ടുള്ളത്. സ്ത്രീ തടവുകാരുടെ പ്രസവം, മറ്റു അനുബന്ധ ചെലവുകൾ എന്നിവയും പൊലീസ് ഏറ്റെടുത്ത് നിർവഹിച്ചവയിൽ ഉൾപ്പെടും. വസ്ത്രങ്ങൾ, ആഘോഷ ദിനങ്ങളിലേക്ക് ആവശ്യമായ വസ്ത്രങ്ങൾ, വ്യക്തിഗത ശുചിത്വം പാലിക്കുന്നതിന് ആവശ്യമായ ഇനങ്ങൾ, മറ്റ് ആവശ്യമായ വസ്തുക്കൾ എന്നിവയും എത്തിച്ചിട്ടുണ്ട്. തടവുകാരുടെ ക്ഷേമം ഉറപ്പുവരുത്താൻ വിവിധ വിദ്യാഭ്യാസ, പരിശീലന പദ്ധതികളും പൊലീസ് നടപ്പാക്കുന്നുണ്ട്. വിവിധ തൊഴിൽ മേഖലകളിൽ കഴിവുള്ളവരാക്കുന്നതും വിദ്യാഭ്യാസത്തിന് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതും ഇതിന്റെ ഭാഗമാണ്.
തടവുകാർക്ക് ശിക്ഷാകാലാവധിക്ക് ശേഷം സമൂഹത്തിൽ നല്ല ജീവിതം കെട്ടിപ്പടുക്കാനും തൊഴിൽ കണ്ടെത്താനും സഹായകരമാകുന്ന സാഹചര്യം സൃഷ്ടിക്കലാണ് പൊലീസ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുടുംബങ്ങളുടെ അത്താണിയായ വ്യക്തികൾ തടവുകാരാകുന്നതോടെ ഒറ്റപ്പെടുന്നവരെ സഹായിക്കാൻ മാതൃകാപരമായ പ്രവർത്തനങ്ങൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.