ദുബൈ: കോവിഡ് ആഞ്ഞടിച്ച 2020ൽ ദുബൈ പൊലീസ് രജിസ്റ്റർ ചെയ്തത് 25,000 സൈബർ കുറ്റകൃത്യങ്ങൾ. ദുബൈ പൊലീസ് സൈബർക്രൈം ഡിപ്പാർട്മെൻറ് ഡയറക്ടർ കേണൽ സഈദ് അൽ ഹജ്രിയാണ് ഇക്കാര്യം അറിയിച്ചത്. ദുബൈ വേൾഡ് ട്രേഡ് സെൻറിൽ ആരംഭിച്ച ഗൾഫ് ഇൻഫർമേഷൻ സെക്യൂരിറ്റി എക്സ്പോ ആൻഡ് കോൺഫറൻസിൽ (ജിസെക്) സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് കാലത്ത് ജനങ്ങൾ സൈബർ മേഖലയുമായി കൂടുതൽ അടുത്തത് തട്ടിപ്പുകാരുടെ എണ്ണം കൂടാൻ ഇടയാക്കി. 2018ൽ ഇ-ക്രൈം പ്ലാറ്റ്ഫോം സ്ഥാപിച്ച ശേഷം ഓരോ വർഷവും രജിസ്റ്റർ ചെയ്യുന്ന സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നുണ്ട്. 2020ൽ രേഖപ്പെടുത്തിയത് ഏറ്റവും ഉയർന്ന കണക്കാണ്. സൈബർ അറ്റാക്കുകൾ സർവ സാധാരണമായി മാറുന്നു. കോവിഡ് എന്ന മഹാമാരിക്കൊപ്പം സൈബർ മഹാമാരിയെയും നേരിടേണ്ട അവസ്ഥയിലാണ് സുരക്ഷ സേനകൾ. വ്യക്തികളെയും വിവരങ്ങളെയും ഒരേസമയം സംരക്ഷിക്കേണ്ട അവസ്ഥയുണ്ട്. 2018ൽ 3000 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 2019ൽ 14,000 ആയി ഉയർന്നു. കഴിഞ്ഞവർഷം 25,000ൽ എത്തിയെന്നും അദ്ദേഹം പറഞ്ഞു.
മിഡിൽ ഈസ്റ്റിലെ വെല്ലുവിളി നിറഞ്ഞ സൈബർ സുരക്ഷ ചർച്ച ചെയ്യുന്നതാവും ഇത്തവണത്തെ ജിസെക്. ശൈഖ് മൻസൂർ ബിൻ മുഹമ്മ്ദ ബിൻ റാശിദ് ആൽ മക്തൂം ഉദ്ഘാടനം ചെയ്തു. ജൂൺ രണ്ട് വരെയാണ് പരിപാടി. അറബ് ലോകത്തെ ഏറ്റവും വലിയ സൈബർ സെക്യൂരിറ്റി ഇവൻറാണിത്. സാങ്കേതികവിദ്യ വളർച്ചയുടെ ആഴം അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടുന്ന സെഷനുകളും പ്രദർശനങ്ങളുമുണ്ട്. സൈബർ അറ്റാക്കുകളെയും സൈബർ സുരക്ഷയെയും കുറിച്ച് ആധികാരിക അറിവ് സമ്മാനിക്കുന്ന പരിപാടിയാണിത്. ദുബൈ പൊലീസ്, സൈബർ സെക്യൂരിറ്റി കൗൺസിൽ, ദുബൈ ഇലക്ട്രോണിക് സെക്യൂരിറ്റി സെൻറർ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടി. പ്രദർശനങ്ങളും കോൺഫറൻസുകളും നടക്കും. www.gisec.ae എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.