ദുബൈ: ക്രിമിനൽ കേസുകളിൽ നിർണായക പിന്തുണ നൽകുന്ന ഫോറൻസിക് പരിശോധന ഫലങ്ങൾ റെക്കോഡ് വേഗത്തിൽ ലഭ്യമാക്കാൻ സഹായിക്കുന്ന ജീനോം സെന്ററിന് തുടക്കമിട്ട് ദുബൈ പൊലീസ്.
ദുബൈ പൊലീസിന്റെ ഫോറൻസിക് സയൻസ് ആൻഡ് ക്രിമിനോളജി ഡിപ്പാർട്മെന്റിന് കീഴിലാണ് ഏറ്റവും ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ജീനോം സെന്റർ ആരംഭിച്ചത്. ദുബൈ പൊലീസ് ഓഫിസേഴ്സ് ക്ലബ് സന്ദർശനത്തിനിടെ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഫോറൻസിക് ഐഡന്റിഫിക്കേഷൻ, ജനിതകശാസ്ത്രം, മെറ്റാജെനോമിക്സ് എന്നിവയിൽ ആധുനികമായ പരിശോധനകൾ വികസിപ്പിച്ച് പൊലീസിന്റെ കുറ്റാന്വേഷണങ്ങളെ സഹായിക്കുകയാണ് ജീനോം സെന്ററുകളുടെ ദൗത്യം. ഹ്യൂമൻ ജീനോം, മെറ്റജീനോം, ബയോ ഇൻഫർമാറ്റിക്സ്, ബയോടെക്നോളജി എന്നിങ്ങനെ നാല് പ്രധാന സെക്ഷനുകളാണ് ജീനോം സെന്ററിലുള്ളത്.
വ്യക്തികളുടെ ജനിതകപരമായ പശ്ചാത്തലം നിർണയിക്കുന്നതിനും മോളിക്യുലാർ ഓട്ടോപ്സി പരിശോധനകൾക്കുമായി വിഘടിച്ചുപോയ സാമ്പിളുകളെ സൂക്ഷ്മമായി വിശകലനം നടത്തുകയാണ് ഹ്യൂമൻ ജിനോം വിഭാഗത്തിന്റെ ചുമതല. മനുഷ്യരല്ലാത്ത ജീവികളെയും പരിസ്ഥിതിയിൽ നിന്നുള്ള മറ്റ് സാമ്പിളുകളെയും പരിശോധിച്ച് അവയുടെ വംശത്തെയും വർഗങ്ങളെയും കുറിച്ച് പഠനം നടത്തുന്ന വിഭാഗമാണ് മെറ്റ ജീനോം. നിർമിത ബുദ്ധി ഉപയോഗിച്ച് ജനിതക വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള വ്യത്യസ്ത വകഭേദങ്ങളെ വിശകലനം ചെയ്യുകയാണ് ബയോ ഇൻഫർമാറ്റിക്സ് ആൻഡ് ബയോടെക്നോളജി വിഭാഗം ചെയ്യുന്നത്.
പൊലീസിനെ സംബന്ധിച്ച് മരണ കാരണം കണ്ടെത്തുന്നതിൽ നിർണായകമായ തെളിവുകൾ നൽകുന്ന ഒന്നാണ് ഫോറൻസിക് സയൻസ് ഫലങ്ങൾ. നിലവിൽ ഒരു സാമ്പിളിന്റെ ഫോറൻസിക് ഫലങ്ങൾ ലഭിക്കാൻ മൂന്നു മുതൽ 14 ദിവസം വരെ സമയം എടുക്കുന്നുണ്ട്. എന്നാൽ, ജീനോ സെന്ററിൽ ഇത് 24 മണിക്കൂറിനുള്ളിൽ ലഭിക്കും.
സന്ദർശനത്തിനിടെ ദുബൈ പൊലീസിനെ ക്രിമിനൽ കേസുകളിൽ പ്രതികളെ കണ്ടെത്താൻ സഹായിക്കുന്ന ’ബ്രയിൻ ഫിംഗർ പ്രിന്റ്’ സംവിധാനവും ദുബൈ കിരീടാവകാശി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.