ദുബൈ: രണ്ട് വർഷത്തിനുള്ളിൽ ദുബൈയിലെ ജനസംഖ്യ 40 ലക്ഷത്തിലെത്തുമെന്ന് റിപ്പോർട്ട്. മെച്ചപ്പെട്ട തൊഴിലവസരങ്ങൾക്കായി പ്രഫഷനലുകളും ഉയർന്ന വരുമാനം ലക്ഷ്യമിട്ട് നിക്ഷേപകരും കൂടുതലായി എത്തുന്നതോടെ 2026 ഓടെ ദുബൈയുടെ ജനസംഖ്യയിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് ആഗോള റേറ്റിങ് ഏജൻസി ഹെൻലി ആൻഡ് പാർട്ണർ (എസ്.ആൻഡ്.പി.) പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നത്.
നിലവിൽ ദുബൈയിലെ ജനസംഖ്യ 37 ലക്ഷമാണ്. ഈ വർഷത്തെ ദുബൈയുടെ പ്രതിശീർഷ ജി.ഡി.പി. ഏകദേശം 38000 ഡോളർ (1,39,460 ദിർഹം) ആണെന്നും എസ്.ആൻഡ്.പി. റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ എമിറേറ്റിലെ എല്ലാ മേഖലകളിലും വൻതോതിലുള്ള നിക്ഷേപ ഒഴുക്ക് പ്രകടമാണ്. ഇത് ജി.ഡി.പി. മെച്ചപ്പെടുത്തുകയും ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ലോകമെമ്പാടുമുള്ള കോടീശ്വരൻമാരെ ദുബൈയിലേക്ക് ആകർഷിക്കുകയും ചെയ്തു.
ഈ വർഷം ആരംഭം മുതൽ ദുബൈയിലെ ജനസംഖ്യയിൽ 1,34,000 അധിക വർധനയുണ്ടായി. പ്രധാനമായും വിദേശ പ്രൊഫഷണലുകളുടെയും തൊഴിലാളികളുടെയും നിക്ഷേപകരുടെയുമെല്ലാം വരവാണ് ഈ വർധനയ്ക്ക് കാരണം. 2024നും 2040നുമിടയിൽ ദുബൈ, അബൂദബി, ഷാർജ എന്നീ എമിറേറ്റുകളിലേക്കുള്ള അതിസമ്പന്നരുടെ വരവിൽ 150 ശതമാനത്തിലേറെ വർധന പ്രതീക്ഷിക്കുന്നുണ്ട്. ലോകത്തെ മികച്ച 50 നഗരങ്ങളിൽ ദുബൈ 15 മതാണ്.
എമിറേറ്റിൽ 212 ശതകോടിശ്വരൻമാരും 72,500 കോടീശ്വരൻമാരും ഉണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞവർഷം പ്രഖ്യാപിച്ച സാമ്പത്തിക അജൻഡ ഡി33യുടെ ഭാഗമായി അടുത്ത 10 വർഷത്തിനകം സമ്പദ് വ്യവസ്ഥ ഇരട്ടിയാക്കാനും വിദേശവ്യാപാരം 25.6 ലക്ഷം കോടി ദിർഹമായി വർധിപ്പിക്കാനും ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് ദുബൈയുടെ ലക്ഷ്യം.
റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, സാമ്പത്തിക സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള സേവനമേഖല ദുബൈയുടെ വളർച്ചയെ നയിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. കൂടാതെ യു.എ.ഇ. അടുത്തിടെ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങൾ, ബിസിനസ് സൗഹൃദ അന്തരീക്ഷം, ലളിതമായ വിസാ വ്യവസ്ഥകൾ, ദീർഘകാല താമസവിസ എന്നിവയെല്ലാം വളർച്ചയെ വലിയ രീതിയിൽ സ്വാധീനിക്കും. കഴിഞ്ഞ വർഷം ജി.ഡി.പി വളർച്ച 3.3ശതമാനമായിരുന്നു. 2024-27 വർഷങ്ങളിൽ മൂന്നു ശതമാനത്തിനടുത്ത് ജി.ഡി.പി വളർച്ചയെത്തുമെന്നാണ് പ്രതീക്ഷ. റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, സാമ്പത്തിക സേവനങ്ങൾ തുടങ്ങിയ മേഖലകളാണ് ദുബൈയുടെ വളർച്ചയെ മുന്നോട്ട് നയിക്കുന്നത്. യു.എ.ഇ നടപ്പിലാക്കിയ സാമൂഹിക, സാമ്പത്തിക പരിഷ്കാരങ്ങളും വളർച്ചക്ക് ഹേതുവായെന്നും റിപോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.