ദുബൈ: കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ പുതുവത്സരാഘോഷങ്ങൾക്ക് കർശന സുരക്ഷാ നടപടികൾ പ്രഖ്യാപിച്ച് ദുബൈ. പ്രതിരോധ നടപടികൾ പൂർണമായി പാലിച്ച് മാത്രമേ ആഘോഷങ്ങൾ സംഘടിപ്പിക്കാവൂ എന്ന് ആവർത്തിച്ച് നിർദേശിക്കുന്നതിനൊപ്പം കൂട്ടംചേർന്ന് കുടുംബ, സാമൂഹിക ഒത്തുചേരലുകൾക്കും സ്വകാര്യ പാർട്ടികൾക്കും അനുമതി നൽകിയിട്ടുണ്ട്. ഇത്തരം കൂടിച്ചേരലുകളിൽ പരമാവധി 30 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. അല്ലാത്തപക്ഷം പാർട്ടി നടത്തുന്നവർക്ക് 50,000 ദിർഹം പിഴ ചുമത്തും. മാത്രമല്ല, പാർട്ടിയിൽ പങ്കെടുക്കുന്ന ഓരോ അതിഥികളും 15000 ദിർഹമും പിഴയൊടുക്കേണ്ടി വരും. ദുബൈ ദേശീയ ദുരന്ത നിവാരണ സമിതിയാണ് ഇതു സംബന്ധിച്ചുള്ള കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്.
ശൈഖ് മൻസൂർ ബിൻ മുഹമ്മദിെൻറ നേതൃത്വത്തിൽ ദുബൈ ദുരന്തനിവാരണ സമിതിയുടെ യോഗത്തിന് ശേഷമാണ് മാർഗനിർദേശങ്ങൾ തയാറാക്കിയത്. വീടുകളിലും കൂടാരങ്ങളിലും നടക്കുന്ന സ്വകാര്യ പരിപാടികൾക്കാണ് ഈ വിധി ബാധകമാവുക. ഹോട്ടലുകളിലും ബീച്ചുകളിലും പാർക്കുകളിലും നടക്കുന്ന ആഘോഷങ്ങൾ അതിരുവിടാതിരിക്കാൻ കർശന നിരീക്ഷണവും പട്രോളിങ്ങും ശക്തമാക്കും. ആഘോഷവേളയിൽ എല്ലാവരും എല്ലായ്പോയും ഫേസ് മാസ്ക് ധരിക്കണമെന്നും നിർദേശത്തിൽ പറയുന്നു. പ്രായമായവരും വിട്ടുമാറാത്ത രോഗാവസ്ഥയിൽ കഴിയുന്നവരും ആഘോഷങ്ങളിൽ പങ്കെടുക്കരുത്. ചുമ, പനി തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരും പുതുവത്സരാഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. ഒത്തുചേരലുകൾ സാമൂഹിക അകലം പാലിക്കുന്ന രീതികൾക്ക് അനുസൃതമായിരിക്കണം. മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർ പരിശോധന നടത്തും. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിർദേശങ്ങളെന്ന് കമ്മിറ്റി വ്യക്തമാക്കി.
ആഘോഷങ്ങളിൽ നേരിട്ട് പങ്കെടുക്കുന്നതിന് പകരം വെർച്വൽ സാധ്യതകൾ പ്രയോജനപ്പെടുത്തി പുതുവത്സരാഘോഷവും കാഴ്ചകളും ആസ്വദിക്കുന്നതിന് പ്രാധാന്യം നൽകണമെന്നാണ് അധികൃതർ നൽകുന്ന സൂചന. സൂമിലെ ബുർജ് ഖലീഫയിൽ നടക്കുന്ന പരമ്പരാഗത പുതുവത്സരാഘോഷങ്ങൾ ഉൾപ്പെടെ ദുബൈയിലെ വ്യത്യസ്തമായ പരിപാടികളിൽ സൂം പ്ലാറ്റ്ഫോം വഴി പങ്കാളിയാവാനുള്ള സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.
ഗംഭീരമായ വെടിക്കെട്ടും ലേസർ ഷോയും നേരിട്ട് കാണാൻ ആഗ്രഹിക്കുന്നവർക്ക് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡിൽ തെർമൽ സ്കാനിങ്, സോഷ്യൽ ഡിസ്റ്റൻസിങ്, കോൺടാക്ട്ലെസ് പേമെൻറുകൾ, സാനിറ്റൈസേഷൻ സംവിധാനങ്ങൾ എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.