ദുബൈ: പുലർകാലങ്ങളിലും വൈകുന്നേരങ്ങളിലും സൈക്കിളുകളുമായി നഗരം കീഴടക്കാൻ ഇറങ്ങിത്തിരിക്കുന്നവർക്ക് സന്തോഷിക്കാം. ഏറ്റവും മികച്ച സൗകര്യങ്ങളും സംവിധാനവുമൊരുക്കി, ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത സൈക്കിളിങ് അനുഭവും അന്തരീക്ഷവുമൊരുക്കാൻ ദുബൈ തയ്യാറെടുക്കുന്നു.
കൃത്യമായ വ്യായാമരീതികൾ ജീവിതചര്യയിൽ ഉൾപെടുത്തി, സ്വദേശികൾക്കും താമസക്കാർക്കും ആരോഗ്യകരമായ ജീവിതശൈലി ഉറപ്പുവരുത്തുന്നതിനായാണ് ദുബൈയിൽ ബൃഹത് പദ്ധതിയൊരുങ്ങുന്നത്. 400 മില്യൻ ദിർഹം ചിലവഴിച്ച് സുരക്ഷിതമായ സൈക്ക്ളിങ് സൗകര്യമൊരുക്കാനുള്ള വൻപദ്ധതിക്ക് ദുബൈ കിരീടവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് റാശിദ് ആൽ മക്തൂം അംഗീകാരം നൽകി. 2025ഓടെ ദുബൈ സൈക്കിൾ സൗഹൃദ നഗരമെന്ന ലക്ഷ്യം കൈവരിക്കും. ആരോഗ്യകരമായ ജീവിതശൈലി നൽകുന്ന പ്രോജക്റ്റുകളും സമൂഹത്തിന് സന്തോഷം പകരാനുള്ള കാഴ്ചപ്പാടുകളുമായി മികച്ച ജീവിത നിലവാരത്തിലൂടെ ലോകത്തിലെ ഏറ്റവും ഉയർന്ന റാങ്ക് നേടുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ശൈഖ് ഹംദാൻ ട്വിറ്ററിൽ കുറിച്ചു.
സുരക്ഷിതമായ സൈക്ക്ളിങ് അന്തരീക്ഷം, ആവശ്യമായ സൈക്കിൾ പാതകളുടെ നിർമാണം, ഓരോ 13.6 കിലോമീറ്റർ പരിധിയിലും താമസക്കാർക്ക് ലഭ്യമാകുന്ന തരത്തിലുള്ള പാത നിർമാണം തുടങ്ങിയ 18ൽപ്പരം പദ്ധതികളോടെയാണ് ദുബൈ മെഗാ പ്രോജക്ട് നടപ്പാക്കാനൊരുങ്ങുന്നത്. സമഗ്രമായ അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ചില റോഡുകൾ സൈക്കിൾ ട്രാക്കുകൾ ഉൾപ്പെടുത്തുന്നതിനായി പുനർരൂപകൽപ്പന ചെയ്യും. ഒപ്പം സൈക്കിളുമായി ബന്ധപ്പെട്ട സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളുമൊരുക്കും. പുതിയ സൈക്കിൾ ഓപ്പറേറ്റർമാരെ പ്രോത്സാഹിപ്പിക്കാനും പ്രോജക്ട് ലക്ഷ്യമിടുന്നുണ്ട്.
പ്രത്യേക പാർക്കിംഗ് ഏരിയകളുംസൃഷ്ടിക്കും. റാസ് അൽ ഖോർ റോഡിന് മുകളിലൂടെ സൈക്കിൾ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കുമായി പാലം ഫെബ്രുവരിയിൽ തുറന്നിരുന്നു. നിലവിൽ ദുബൈയിൽ 425 കിലോമീറ്റർ സൈക്കിൾ പാതകളുണ്ട്. 2025 ഓടെ ഇത് 668 കിലോമീറ്ററായി ഉയർത്താൻ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പദ്ധതിയിടുന്നു. ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് ശൈഖ് ഹംദാൻ ഈ സംരംഭങ്ങൾക്ക് അംഗീകാരം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.