ദുബൈ: കോവിഡ് -19 വൈറസ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ജയിലുകളിലെ അന്തേവാസികളുടെ എണ്ണം കുറക്കുന്നതിനായി, ഗുരുതരമല്ലാത്ത കുറ്റം ചെയ്തതിനെ തുടർന്ന് തടവിൽ കഴിയുന്നവരെ വിട്ടയക്കുന്നു. ഇത്തരത്തിൽ ശിക്ഷ അനുഭവിക്കുന്ന നൂറുകണക്കിന് തടവുകാരെ ദുൈബയിലെ പ്രധാന ജയിലിൽനിന്ന് മോചിപ്പിച്ചു. ദുബൈ സെൻട്രൽ ജയിലിലെ തടവുകാരുടെ എണ്ണം അടുത്ത 35 ശതമാനം വരെ കുറക്കാനുള്ള നടപടി തുടരും. ഓരോ വർഷവും നൂറുകണക്കിന് തടവുകാർക്ക് രാജ്യത്തെ ഭരണാധികാരികൾ മാപ്പുനൽകുന്നുണ്ടെങ്കിലും കൊറോണ വൈറസ് വ്യാപനം കൂടിയതോടെ തടവുകാരെ സംരക്ഷിക്കാനുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. ‘ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങൾക്ക് ശിക്ഷ അനുഭവിക്കുന്ന തടവുകാരെ വിട്ടയക്കാൻ ഞങ്ങൾക്ക് നിർദേശം ലഭിച്ചു, മഹാവ്യാധി പടർന്നതിനുശേഷം 30 മുതൽ 35 ശതമാനം വരെ തടവുകാർ കുറച്ചുകഴിഞ്ഞു.
വലിയ കേസുകളിലെ കുറ്റാരോപിതരല്ല, ലളിതമായ കേസുകളുള്ളവരെയാണ് വിട്ടയക്കുന്നത് -ജയിൽ സ്ഥാപനങ്ങളുടെ ഡയറക്ടർ ജനറൽ ബ്രിഗ് അലി അൽ ഷമാലി അൽ അവീർ പര്യടനത്തിനിടെ പറഞ്ഞു. എന്നാൽ, ജയിലിലെ ആകെ തടവുകാരുടെ എണ്ണം വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല. ജയിലിൽ 4,000 തടവുകാരെ പാർപ്പിക്കാമെന്ന് അധികൃതർ നേരേത്ത പറഞ്ഞിരുന്നു. റമദാനിൽ ഏപ്രിൽ 21 ന് പ്രസിഡൻറ് ശൈഖ് ഖലീഫ 1,511 തടവുകാർക്ക് മാപ്പുനൽകിയിരുന്നു. 1,899 പേരെ അടുത്ത ദിവസം ദുബൈ, ഷാർജ, റാസൽഖൈമ, ഫുജൈറ ഭരണാധികാരികൾ വിട്ടയച്ചിരുന്നു. കൂടുതൽ തടവുകാരെ ഇൗദിനോടനുബന്ധിച്ചും വിട്ടയച്ചു. മാപ്പുനൽകുന്നവർക്ക് അവരുടെ മോചന വ്യവസ്ഥകൾ അനുസരിച്ച് അവരുടെ കുടുംബങ്ങളിലേക്കോ സ്വന്തം രാജ്യങ്ങളിലേക്കോ മടങ്ങാനുള്ള അവസരമാണ് ഭരണാധികാരികൾ നൽകിയത്.
വൈറസ് വ്യാപനത്തെ തുടർന്ന് ദുബൈ ജയിലിലെ സന്ദർശനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ, ഇപ്പോൾ ശബ്ദ പ്രൂഫ് ഗ്ലാസ് വാതിലിനു പിന്നിൽ ഘടിപ്പിച്ച് മറ്റുള്ളവരുമായി സംസാരിക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്. എങ്കിലും കോവിഡ് കാലത്ത് സന്ദർശനം വളരെ കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
മാത്രമല്ല, പുതിയ സാഹചര്യത്തിൽ തടവുകാരെ കോടതിയിൽ ഹാജരാക്കുന്നതിനു പകരം വെർച്വൽ സംവിധാനമൊരുക്കി വാദം കേൾക്കുന്ന നടപടിക്കും തുടക്കമായിട്ടുണ്ട്. ജയിലിൽ കോവിഡ് -19 വ്യാപിക്കുന്നത് തടയാൻ അധികൃതർ ശ്രമിക്കുന്ന ഒരു മാർഗമാണ് വിഡിയോ കോൺഫറൻസുകളുടെ ഉപയോഗം. അന്തേവാസിയുടെ ആരോഗ്യം ഞങ്ങൾക്ക് ഉറപ്പു നൽകാൻ കഴിയുമെന്നും ദുബൈ ജയിലിലെ തടവുകാർക്ക് ഇപ്പോൾ അവരുടെ കുടുംബങ്ങളുമായി സ്കൈപ്പ് സംവിധാനം വഴിയാണ് സംസാരിക്കാമെന്നും അലി അൽ ഷമാലി ചൂണ്ടിക്കാട്ടി.
ജയിൽ സ്ഥാപനങ്ങളിൽ എല്ലാ തടവുകാരും ജീവനക്കാരും എല്ലായ്പോഴും മാസ്കും ൈകയുറകളും ധരിക്കണമെന്ന് കർശന നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചില ക്ലാസുകളും വർക്ക് ഷോപ്പുകളും താൽക്കാലികമായി നിർത്തി. ജയിലുകളിലെ ജിംനേഷ്യവും അടച്ചുപൂട്ടി. ജയിൽ അന്തേവാസികളുടെ ആരോഗ്യ പരിശോധന ഉൾപ്പെടെ ടെലി െമഡിക്കൽ കൺസൾട്ടേഷൻ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ട്. മിക്ക മെഡിക്കൽ കൺസൾട്ടേഷനുകളും വിഡിയോയിലൂടെയാണ് നടന്നതെന്ന് ജയിൽ ഡോക്ടർ ബദർ സുൽത്താൻ ചൂണ്ടിക്കാട്ടി. ജയിൽ അന്തേവാസികളുെട മാനസിക സമ്മർദം കുറക്കുന്നതിനുള്ള കൗൺസലിങ് പരിപാടികളും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റി. ദൈനംദിന സമ്മർദങ്ങളെക്കുറിച്ച് സൈക്യാട്രിസ്റ്റ് ഇപ്പോൾ തടവുകാരോട് ഓൺലൈനിലാണ് സംസാരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.