ദുബൈ: റമദാനിൽ വിവിധ സാമൂഹിക വിഭാഗങ്ങളെ ലക്ഷ്യംവെച്ച് ഒമ്പതു ജീവകാരുണ്യ പദ്ധതികൾ നടപ്പാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). പൊതു, സ്വകാര്യ മേഖലകളിലെ സംവിധാനങ്ങളുമായി സഹകരിച്ചാണ് ഡ്രൈവർമാർ, തൊഴിലാളികൾ, വരുമാനം കുറഞ്ഞ കുടുംബങ്ങൾ, വയോധികർ, അനാഥർ, രോഗബാധിതരായ കുട്ടികൾ, റോഡ് ഉപയോക്താക്കൾ എന്നിങ്ങനെ വിവിധ വിഭാഗക്കാരെ ലക്ഷ്യംവെച്ചാണ് പദ്ധതികൾ നടപ്പാക്കിയത്. റമദാനിലെ പദ്ധതികളിൽ 700 സന്നദ്ധപ്രവർത്തകർ 2000 മണിക്കൂർ സേവനം ചെയ്തതായും അധികൃതർ വെളിപ്പെടുത്തി. അടുത്ത ആഴ്ച ഈദുൽ ഫിത്റിനോടനുബന്ധിച്ചും വിവിധ പദ്ധതികൾ നടപ്പാക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
ഏറ്റവും അർഹരായവരിലേക്ക് പദ്ധതികളുടെ ഗുണങ്ങൾ എത്താൻ സഹായിക്കുന്നതിന് കൃത്യമായ ആസൂത്രണവും നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നുവെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മതാർ അൽ തായർ പറഞ്ഞു. വാഹന യാത്രക്കാർക്ക് ഇഫ്താർ കിറ്റുകൾ നൽകുന്ന ‘മീൽസ് ഓൺ ദ മീൽസ്’, സായിദ് ജീവകാരുണ്യ ദിനാചരണം അടക്കമുള്ളവ പദ്ധതിയിൽ നടപ്പാക്കിയതാണ്. നോമ്പുതുറ സമയത്തിനു മുന്നോടിയായി വൈകീട്ട് 5.30 മുതൽ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ഇഫ്താറിന് ലഘുഭക്ഷണം നൽകുന്ന പദ്ധതിയും ഇതിന്റെ ഭാഗമായുള്ളതാണ്.
‘റമദാൻ അമാൻ’ എന്ന പദ്ധതിയിൽ സിറ്റി വാക്, ഇത്തിഹാദ് മ്യൂസിയം, സെഞ്ച്വറി മാൾ, യൂനിയൻ കോപ് അല തവാർ തുടങ്ങിയ സ്ഥലങ്ങളിൽ ഭക്ഷണവിതരണം നടത്തിയത് അപകടങ്ങൾ കുറച്ചിട്ടുണ്ടെന്ന് അധികൃതർ വിലയിരുത്തുന്നു. ആർ.ടി.എയുടെ വിമൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്ക് സത്വ, ഊദ് അൽ മുതീന, ശാബിയാത് അൽ ഖുസൈസ്, അൽ ബദാഹ്, ശാബിയാത് അൽ റാശിദിയ, അൽ മനാമ, അൽ മുഹൈസിന എന്നിവിടങ്ങളിലാണ് സഹായ വിതരണം നടത്തിയത്.
ഈദുൽ ഫിത്റിനോടനുബന്ധിച്ച് പെരുന്നാൾ വസ്ത്രങ്ങൾ നൽകുന്ന ‘കിസ്വതുൽ ഈദ്’ പദ്ധതിയാണ് നടപ്പാക്കുക. അനാഥർക്കും രോഗബാധിതരായ കുട്ടികൾക്കുമാണ് വസ്ത്രങ്ങൾ നൽകുക. 300 കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്ന ‘ഇദിയ’ പദ്ധതിയും നടപ്പാക്കും. അനാഥരെയും അർബുദ രോഗികളായ കുട്ടികളെയും ഉൾപ്പെടുത്തി ദുബൈ ഫ്യൂച്ചർ മ്യൂസിയത്തിലേക്ക് യാത്രയും പെരുന്നാളിന് ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.