ദുബൈ: ദുബൈയിലെ റോഡുകൾ 95 ശതമാനം യാത്രക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയിലാണുള്ളതെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) നടത്തിയ പഠനത്തിൽ കണ്ടെത്തി. 2022ൽ റോഡുകളെ വിലയിരുത്തി നടത്തിയ പഠനഫലത്തിലാണ് കുണ്ടുംകുഴിയും മറ്റു തടസ്സങ്ങളുമില്ലാതെ മുഴുവൻ റോഡുകളും സഞ്ചാരത്തിന് ഏറ്റവും യോജിച്ച നിലയിലാണുള്ളതെന്ന് വിലയിരുത്തിയത്. റോഡിന്റെ ഉപരിതലത്തിലെ വിള്ളലുകൾ, തകർച്ച, കുഴികൾ തുടങ്ങിയവ പരിശോധിച്ചും ഡ്രൈവിങ് സൗകര്യം വിലയിരുത്തിയുമാണ് പഠനം നടത്തിയത്. റോഡിന്റെ നിലവാരം പഠിക്കുന്നതിന് ഹൈടെക് ലേസർ ഉപകരണമാണ് ആർ.ടി.എ ഉപയോഗിച്ചിട്ടുള്ളത്.
നവീന ഉപകരണം ഉപയോഗിച്ചുള്ള വിലയിരുത്തലിൽ റോഡിന്റെ ശരിയായ മികവും ഭാവിയിൽ എത്രകാലത്തിന് ശേഷം റോഡിന് അറ്റകുറ്റപ്പണികൾ ആവശ്യമാണെന്നും അധികൃതർക്ക് തിരിച്ചറിയാൻ കഴിയും.
ആകെ 48 ഹൈവേകളും പ്രധാന റോഡുകളും, താമസ സ്ഥലങ്ങളിലെ 34 ഇടറോഡുകൾ എന്നിവയാണ് വിലയിരുത്തിയത്. റോഡുകളുടെ ശൃംഖല 95 ശതമാനം മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ട് ആർ.ടി.എ റോഡ് അറ്റകുറ്റപ്പണി വിഭാഗം ഡയറക്ടർ ഹമദ് അൽ ഷെഹി പറഞ്ഞു.
എമിറേറ്റിലെ പാലങ്ങളുടെയും ടണലുകളുടെയും മികവും ഉപയോഗക്ഷമതയും ഇതോടനുബന്ധിച്ച് വിലയിരുത്തിയിട്ടുണ്ട്. ഡിജിറ്റൽ സംവിധാനങ്ങളുപയോഗിച്ച് നടത്തിയ പരിശോധനയിൽ 97 ശതമാനം മികവാണ് ഇവയിൽ രേഖപ്പെടുത്തിയത്. സൂക്ഷ്മമായ വിള്ളലുകളും മറ്റും തിരിച്ചറിയാൻ സാധിക്കുന്ന രീതിയിലാണ് പരിശോധന നടത്തിയിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു. റോഡുകളുടെ കൃത്യമായ ഇടവേളകളിലെ അറ്റകുറ്റപ്പണികളാണ് മികവ് നിലനിർത്താൻ സഹായിക്കുന്നത്.
ഇത് റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷിതമായ യാത്രക്ക് സഹായകമാവുകയും ചെയ്യുന്നു-അധികൃതർ കൂട്ടിച്ചേർത്തു. നിർമിതബുദ്ധി അടക്കമുള്ള നവീന സാങ്കേതിക വിദ്യകളും, പിഴവുകളും മറ്റും കണ്ടെത്തുന്നതിന് ഉപയോഗിച്ചുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.